ഫിലിപ്പീന്‍സില്‍ കോപ്പു വീശിയടിച്ചു;16മരണം, 60,000പേരെ മാറ്റിപ്പാര്‍പ്പിച്ചു
കോപ്പു കൊടുങ്കാറ്റ് ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതച്ച് മുന്നേറുന്നു. കനത്ത മഴയും പേമാരിയും ആഞ്ഞടിച്ചതോടെ പതിനാറോളം പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. അറുപതിനായിരത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. വ്യാപക നാശനഷ്ടങ്ങളാണ് ഫിലിപ്പീന്‍സില്‍ ഉണ്ടായത്.
ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ ഒരുലക്ഷത്തി എണ്‍പത്തിമുവായിരം ആളുകളുടെ ജീവിതം താറുമാറായി. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. വടക്കന്‍ ഫിലിപ്പീന്‍സിലെ ഗതാഗതസംവിധാനം തകര്‍ന്ന നിലയിലാണ്. ഇവിടെ നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നു. ഈ സാഹചര്യത്തില്‍ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.
വൈദ്യുതി ബന്ധവും താറുമാറായതിനാല്‍ പല ഗ്രാമങ്ങളും തമ്മിലുള്ള ബന്ധം താറുമാറായ അവസ്ഥയിലാണ്. മോശം കാലാവസ്ഥ തുടരുന്നത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഈ വര്‍ഷമുണ്ടായതില്‍ ഏറ്റവും ശക്തമായ കൊടുങ്കാറ്റായാണ് കോപ്പു വിലയിരുത്തപ്പെടുന്നത്. അതേസമയം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.