അഞ്ചു വർഷത്തിനുശേഷം പൂച്ചയെ അധികൃതര്‍ മോചിപ്പിച്ചു
വ്യാഴം, 9 ഏപ്രില്‍ 2015 (13:50 IST)
തീരെ കുഞ്ഞായിരിക്കെ റെയിൽവേ സ്‌റ്റേഷനിലെ ഭിത്തിക്കുള്ളിലകപ്പെട്ട പൂച്ചയ്ക്ക് അഞ്ചു വർഷത്തിനുശേഷം മോചനം. ഈജിപ്റ്റിലെ കെയ്‌റോയിലാണ് രസകരമായ ഈ സംഭവം നടന്നത്. അഞ്ചു വർഷത്തിനുശേഷം പുറം ലോകം കണ്ട ബിസോ എന്ന പൂച്ച ഇപ്പോള്‍ രാജ്യത്തെ ഹീറോ ആയിരിക്കുകയാണ്.
ബിസോ ഉണ്ടായ ഉടനെ ആരോ അവനെ കെയ്‌റോയിലെ ഒരു മെട്രോ റെയിൽവേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു. ആളുകളുടെ ബഹളവും ട്രെയിനിന്റെ ശബ്‌ദവും കേട്ട് ഭയന്ന ബിസോ സ്‌റ്റേഷനിലെ ചുവരിനുള്ളിൽ കയറി ഒളിക്കുകയായിരുന്നു. പിന്നെ അവിടെ നിന്ന് ഇറങ്ങാന്‍ ഭയന്ന് ചുവരിനുള്ളിലെ ദ്വാരകത്തില്‍ ഇരുന്ന ബിസോയുടെ വാൽ മാത്രമേ പുറത്തേക്കു കാണാൻ കഴിയുമായിരുന്നുള്ളൂ. ഇത് മനസിലാക്കിയ റെയിൽവേ സ്‌റ്റേഷനിൽ പതിവായി എത്തുന്ന അങ്കിൾ അബ്‌ദോ എന്ന വൃദ്ധന്‍ ബിസോയുടെ അവസ്ഥ മനസിലാക്കുകയായിരുന്നു.
അബ്‌ദോ പതിവായി വെള്ളവും ഭക്ഷണവും നല്‍കാന്‍ തുടങ്ങിയതോടെ ബിസോ വലുതാകുകയും ദ്വാരത്തില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിച്ചേരുകയുമായിരുന്നു. ഇതോടെ റെയിൽവേ സ്‌റ്റേഷന്റെ ചുവർ തകർത്ത് ബിസോയെ പുറത്ത് എടുക്കാന്‍ അബ്‌ദോ ആലോചിച്ചെങ്കിലും ഈജിപ്തിലെ നിയമപ്രകാരം റെയിൽവേ സ്‌റ്റേഷന് കേടുപാടുകള്‍ വരുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ബിസോയുടെ സാഹചര്യം അബ്‌ദോ പുറം ലോകത്തെ അറിയിച്ചതോടെ മൃഗസ്‌നേഹികളുടെ സമ്മർദ്ദം ശക്തമായതിനെ തുടര്‍ന്ന് ചുവര് തകര്‍ത്ത് പൂച്ചയെ പുറത്തെത്തിച്ചത്. ഇതിനായി അഞ്ച് മണിക്കൂർ നീണ്ട കഠിനശ്രമമാണ് വേണ്ടിവന്നത്. ബിസോ ഇപ്പോൾ ഇന്റർനെറ്റിലെ താരമാണ്.