പാകിസ്ഥാനില്‍ ചാവേര്‍ സ്ഫോടനം; 22 മരണം, 40 പേര്‍ക്ക് പരുക്ക്

ശനി, 24 ഒക്‌ടോബര്‍ 2015 (08:33 IST)
പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 22 പേർ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്കേറ്റു, ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.  മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കറാച്ചിയിൽ നിന്നും 450 കിലോ മീറ്റർ അകലെ ജകോബാദ് ജില്ലയിലാണ് വെള്ളിയാഴ്ച വൈകീട്ട് സ്ഫോടനം ഉണ്ടായത്.

ഷിയ മുസ്‍ലിങ്ങളുടെ ആഘോഷമായ അഷുറയ്ക്കിടെയാണ് ചാവേർ പൊട്ടിത്തെറിച്ചത്. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ചാവേറിന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഭീകരസംഘടനകളായ ലഷ്കറെ ജൻവിയാണെന്നാണ് സൂചന.

ഷിയാ മുസ്ലിംകളെ ലക്ഷ്യം വച്ച് സമീപ കാലത്ത് ഇവിടെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. വ്യാഴാഴ്ച ഷിയാ പള്ളിയിൽ ഉണ്ടായ മറ്റൊരു ചാവേർ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മേഖലകളിലെ മൊബൈൽ ഫോൺ ബന്ധം വിഛേദിച്ചു.

വെബ്ദുനിയ വായിക്കുക