തങ്ങള്‍ക്ക് ഭീഷണിയാകുന്ന ഏത് ഭീകര സംഘടനയെയും തകര്‍ക്കും: ഒബാമ
തിങ്കള്‍, 7 ഡിസംബര്‍ 2015 (11:51 IST)
ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ്) അമേരിക്കയുടെ നയം വെട്ടിത്തുറന്ന് പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. തങ്ങള്‍ക്ക് ഭീഷണിയാകുന്ന ഐഎസ് അടക്കമുള്ള ഏത് സംഘടനയെയും തകര്‍ക്കും. ഐഎസിനെ ഇല്ലാതാക്കാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്‌തു കഴിഞ്ഞു. മുസ്‌ലിങ്ങള്‍ക്ക് വേണ്ടിയാണ് ആക്രമണം നടത്തുന്നതെന്ന ഐഎസിന്റെ വാദങ്ങള്‍ തെറ്റാണ്. മനുഷ്യ ജീവന് ഭീഷണിയാകുന്ന രീതിയിലാണ് അവര്‍ ഇടപെടുന്നതെന്നും ഒബാമ പറഞ്ഞു.
ഭീകരതയെ എന്നും അമേരിക്ക ചെറുത്ത് തോല്‍പ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ലോകത്തെ പിടിച്ചെടുക്കാന്‍ ഐഎസ് അടക്കമുള്ള ഭീകരസംഘടനകള്‍ ശ്രമിക്കുകയാണ്. എന്നാല്‍ അവരുടെ ഒരു നീക്കവും പൂര്‍ണതയിലെത്താന്‍ പോകുന്നില്ല. ക്രിമിനലുകളും കൊലപാതകികളുമായ ഐഎസ് ഓണ്‍ലൈന്‍ വഴിയാണ് റിക്രൂട്ട് മെന്റ് നടത്തുന്നത്. ഇത് തടയാന്‍ കൂട്ടായ പ്രവര്‍ത്തനം തന്നെ വേണമെന്നും ഒബാമ പറഞ്ഞു.
ഒന്നിനോടും ഒരിക്കലും ഭയത്തോടെ പ്രതികരിക്കരുത്. നമ്മളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്താണെന്ന് നാം ഒരിക്കലും മറക്കാന്‍ പാടില്ല. സ്വാതന്ത്ര്യമാണ് ഭയത്തേക്കാളും പ്രാധാന്യമർഹിക്കുന്നതെന്ന് നിങ്ങൾ ഓർക്കണം. ഐഎസിനെതിരെ യുദ്ധം ചെയ്യാന്‍ ഇറാഖ്, സിറിയന്‍ സേനകള്‍ക്ക് ആയുധവും പരിശീലനവും നല്‍കുന്നുണ്ട്. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ആക്രമണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ഒബാമ പറഞ്ഞു.