ഒബാമ 'കൂളാകുന്നു'; ഇനി റിപ്പബ്ലിക്കന്മാരുമായി സഹകരിച്ച് മുന്നോട്ട്
വ്യാഴം, 6 നവംബര്‍ 2014 (13:15 IST)
അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ശക്തമായ തിരിച്ചടി നേരിട്ടതോടെ പ്രസിഡന്‍റ് ബറാക് ഒബാമ ചുവട് മാറ്റുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടി നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് ഒബാമ പുതിയ തന്ത്രവുമായി മുന്നോട്ട് വന്നത്.
ലോകത്തിന് ഭീക്ഷണിയായി പടരുന്ന എബോള രോഗത്തിനും ഇസ്ലാമിക തീവൃവാദത്തിനുമെതിരെ പിന്തുണ നല്‍കേണ്ടതുണ്ടെന്നും ഒബാമ ചൂണ്ടിക്കാട്ടി. എബോള വൈറസിനെ തടയാന്‍ ശാസ്ത്രജ്ഞര്‍ക്കും മറ്റ് സന്നദ്ധ സേനകള്‍ക്കും ധനസഹായം അനുവദിക്കുന്നതിനുള്ള പ്രമേയമാണ് യുഎസ് കോണ്‍ഗ്രസിന്റെ പരിഗണനക്കായി ആദ്യമായി സര്‍ക്കാര്‍ സമര്‍പ്പിക്കുന്നതെന്നും. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ ഐഎസ് ഐഎസ് ഭീകരതയെ ഇല്ലായ്മ ചെയ്യാനുള്ള പ്രമേയമാണ് രണ്ടാമത്തേതെന്നും അമേരിക്കന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. ജനപ്രതിനിധി സഭയില്‍ വിജയം ആവര്‍ത്തിച്ച റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഉപരിസഭയായ സെനറ്റിലും ഭൂരിപക്ഷം നേടുകയായിരുന്നു.