സൗദി അറേബ്യയില്‍ തീപിടുത്തം. നജ്‌റാനിൽ ക്ളീനിങ് തൊഴിലാളികൾ താമസിക്കുന്നിടത്താണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ 11 പേര് ദാരുണമായി മരണപ്പെട്ടു. മരിച്ചവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചയോടെയായിരുന്നു സംഭവം.
അൽ ഹംറ എന്ന കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന റൂമിലെ എ സി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അടുത്ത റൂമുകളിലേക്കും തീ പടരുകയായിരുന്നു. മരിച്ചവരിൽ 10 പേര്‍ ഇന്ത്യക്കാരാണ്. മലപ്പുറം വള്ളിക്കുന്ന് നിറംകൈതക്കോട്ട കിഴക്കേ മലയില്‍ കോട്ടാശ്ശേരി വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ ശ്രീജിത്ത്(28)ന്റെ മരണം സ്ഥിരീകരിച്ചു. മുന്നാഴ്ച മുമ്പ് വിവാഹം നിശ്ചയിച്ച ശേഷമാണ് ശ്രീജിത്ത് നാട്ടില്‍ നിന്ന് സൗദിയിലേക്ക് മടങ്ങിയത്.
മരിച്ച മറ്റു മലയാളികള്‍ ബിജു വര്‍ക്കല, സത്യന്‍ കടയ്ക്കാവൂര്‍ എന്നിവരാണ്. മരണപ്പെട്ടവരുടെ മൃദദേഹങ്ങൾ നജ്‌റാൻ കിംഗ് കാലിദ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പുക ശ്വസിച്ച 6 പേര് കിംഗ് ഖാലിദ് ആശുപത്രിയിലെ ഐ സി യു വിൽ കഴിയുന്നുണ്ട്.