വെള്ളപ്പൊക്കക്കെടുതിയിലമര്‍ന്ന് ഫ്രാന്‍സും ജര്‍മനിയും: നിരവധി മരണം, ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ശനി, 4 ജൂണ്‍ 2016 (08:46 IST)
കഴിഞ്ഞ ഒരാഴ്ചക്കാലമായി വെള്ളപ്പൊക്കക്കെടുതിയിലമര്‍ന്ന് ഫ്രാന്‍സും ജര്‍മനിയും. രണ്ടു രാജ്യങ്ങളിലും ശക്തമായ കാറ്റും മഴയും നാശംവിതക്കുകയാണ്. കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജര്‍മനിയില്‍ എട്ടുപേരും കനത്ത മഴക്കു മുമ്പുണ്ടായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഒമ്പതുപേരുമാണ് മരിച്ചത്. 
 
വെള്ളപ്പൊക്കം തുടരുന്നതിനാല്‍ ഫ്രാന്‍സിലെ പല മേഖലകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രോലൈനും സ്കൂളുകളും അടച്ചു. ആയിരക്കണക്കിനാളുകളാണ് വീടുവിട്ടു പോയത്. പല ആളുകളും കെട്ടിടത്തിന്റെ ടെറസില്‍ കുടുങ്ങി. നദീതീരങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചു. നൂറു വര്‍ഷത്തിനുശേഷം ഫ്രാന്‍സ് അനുഭവിക്കുന്ന രൂക്ഷമായ വെള്ളപ്പൊക്കമാണിത്.
 
മൂന്നു ദിവസമായി ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. 19,000ത്തിലേറെ വീടുകളിലെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. നദീതീരങ്ങളില്‍ താമസിക്കുന്ന 5000ത്തോളം പേരെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളപ്പൊക്കമേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
 
തെക്കന്‍ ജര്‍മനിയില്‍നിന്നും നിരവധി നഗരങ്ങളെ ഒഴിപ്പിച്ചു. ബെല്‍ജിയം, ഓസ്ട്രിയ, നെതര്‍ലന്‍ഡ്സ്, പോളണ്ട് എന്നീ രാജ്യങ്ങളിലേക്കും വന്‍ദുരിതമാണ് വ്യാപിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനിടെ ഇനിയും കനത്ത മഴക്കു സാധ്യതയുണ്ടെന്ന് ഫ്രാന്‍സിലെയും ജര്‍മനിയിലെയും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക