ബ്രിട്ടനിൽ മന്ത്രിസഭയിൽ വൻ അഴിച്ചു പണി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വന്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രി തെരേസ മേ ഇത്തരമൊരുഅഴിച്ചുപണിക്ക് ഒരുങ്ങുന്നത്. അതിന്റെ ഭാഗമായി തന്റെ ദീർഘകാല സുഹൃത്തായ ഡാമിയൻ ഗ്രീനിനെ മന്ത്രിസഭയിലെ രണ്ടാമനായി നിയമിച്ചു. ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന് ഉപപ്രധാനമന്ത്രിക്കു തുല്യമായ പദവിയാണുള്ളത്.
അതേസമയം, ധനമന്ത്രി കൂടിയായ ഫിലിപ് ഹാമണ്ട് ഉള്‍പ്പെടെ അഞ്ചു മുതിർന്ന ക്യാബിനറ്റ് മന്ത്രിമാർക്കു മാറ്റമില്ല. വിദേശ സെക്രട്ടറിയായി ബോറിസ് ജോൺസനും ബ്രൈക്സിറ്റ് സെക്രട്ടറിയായി ഡേവിഡ് ഡേവിസും പ്രതിരോധ മന്ത്രിയായി മൈക്കിൾ ഫാലനും തുടരും. മറ്റു മന്ത്രിപദവികളിലായിരിക്കും പുനഃസംഘടനയുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പിൽ മേയുടെ കൺസർവേറ്റീവ് പാർട്ടിക്ക് ആകെ 318 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. കഴിഞ്ഞതവണത്തേക്കാൾ 12 സീറ്റുകളുടെ കുറവ്. ഭൂരിപക്ഷത്തിന് 326സീറ്റു വേണം. പത്തു സീറ്റുള്ള നോർത്തേൺ അയർലൻഡിലെ ഡിയുപിയുമായി കൂട്ടുകക്ഷിഭരണത്തിനു ചർച്ച നടത്തുന്നുണ്ടങ്കിലും ഇതുവരെ ധാരണയുണ്ടാക്കിയിട്ടില്ല. ലേബർപാർട്ടി നില മെച്ചപ്പെടുത്തിയെങ്കിലും 262 സീറ്റുകള്‍ മാത്രമേ അവര്‍ക്ക് ലഭിച്ചുള്ളൂ.