ഒമാനിലും പ്രക്ഷോഭം കനക്കുന്നു: 2 മരണം

തിങ്കള്‍, 28 ഫെബ്രുവരി 2011 (08:42 IST)
PRO
അറബ് രാജ്യങ്ങളിലെ കലാപക്കൊടുങ്കാറ്റ് പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യമായ ഒമാനിലേക്കും വ്യാപിച്ചു തുടങ്ങി. ഭരണകൂടത്തിനെതിരെയുള്ള ജനവികാരം തടുക്കാനായി ഞായറാഴ്ച സുരക്ഷാ സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിരോധനമുള്ള ഒമാന്‍ നാലു ദശാബ്ദങ്ങളായി സുല്‍ത്താന്‍ ഭരണത്തിലാണ്. രാജ്യത്തെ തെക്കന്‍ നഗരമായ സലാലയില്‍ ഭരണപരിഷ്‌കാരത്തിനായി യുവാക്കള്‍ നടത്തിയ പ്രകടനത്തില്‍ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. വ്യവസായനഗരമായ സോഹറിലും പ്രക്ഷോഭം ശക്തിപ്പെട്ട് വരികയാണ്.

തലസ്ഥാനമായ മസ്‌കറ്റിലും കഴിഞ്ഞയാഴ്ച മുന്നൂറിലധികം പേര്‍ പങ്കെടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. പ്രക്ഷോഭം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ മന്ത്രിസഭ അഴിച്ചുപണിതിരുന്നു. എന്നാല്‍ ഇതിനൊന്നും ജനവികാരത്തിന്റെ ശക്തി കുറയ്ക്കാനായില്ല.

അതിനിടെ കലാപം നടക്കുന്ന ബഹ്‌റിനില്‍ പ്രതിപക്ഷത്തുള്ള അല്‍ വെഫാഖ് ഷിയാ പാര്‍ട്ടിയുടെ എംപി മാര്‍ രാജി വച്ചു.

ഒമാന്‍, ബഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങളും കലാപത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രതിസന്ധികള്‍ രൂക്ഷമായ ലിബിയയില്‍ നിന്ന് ആളുകളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ദൌത്യത്തിലാണ് കേന്ദ്ര സര്‍ക്കാരിപ്പോള്‍.

വെബ്ദുനിയ വായിക്കുക