ആണവ റിയാക്ടര്‍ കയറ്റുമതി ഉയര്‍ത്തും: ദക്ഷിണ കൊറിയ

ബുധന്‍, 13 ജനുവരി 2010 (16:48 IST)
അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ എണ്‍പത് ആണവ റിയാക്ടറുകള്‍ കയറ്റുമതി ചെയ്യാനാണ് ലക്‍ഷ്യമിടുന്നതെന്ന് ദക്ഷിണകൊറിയ. സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വിപുലമായ പദ്ധതിയാണ് ആണവ വ്യവസായം കേന്ദ്രീകരിച്ച് കൊറിയന്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. 2011 മുതല്‍ 2017 വരെ ആഭ്യന്തര ആണവ റിയാക്ടറുകളുടെ സാങ്കേതിക മികവ് മെച്ചപ്പെടുത്താനുള്ള ഗവേഷണങ്ങള്‍ നടത്തും. സര്‍ക്കാരും സ്വകാ‍ര്യമേഖലയും സംയുക്തമായി ഏതാണ്ട് 400 ബില്യന്‍ ഡോളര്‍ ആണ് ഈ ഇനത്തില്‍ മുതല്‍ മുടക്കുക. ആഗോള തലത്തില്‍ ആണവ വിപണിയുടെ ഇരുപത് ശതമാ‍നം കയ്യാളുന്ന രാജ്യമാണ് ദക്ഷിണ കൊറിയ.

ആണവോര്‍ജ ഉല്‍‌പാദനത്തിനാവശ്യമായ യുറേനിയം ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കള്‍ക്കായി വിദേശരാജ്യങ്ങളിലെ ഖനികളില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താനും ദക്ഷിണകൊറിയ പദ്ധതിയിടുന്നുണ്ട്. നിലവില്‍ 6.7 ശതമാനമാണ് ദക്ഷിണകൊറിയയ്ക്ക് വിദേശ ഖനികളിലെ ഓഹരി പങ്കാളിത്തം. 2016 ഓടെ ഇത് ഇരുപത്തിയഞ്ച് ശതമാനവും 2030 ഓടെ അമ്പത് ശതമാനവുമാക്കി ഉയര്‍ത്താനാണ് തീരുമാനം.

വെബ്ദുനിയ വായിക്കുക