ആണവ ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കും: ദക്ഷിണകൊറിയ

ബുധന്‍, 20 ജനുവരി 2010 (16:06 IST)
ആണവായുധങ്ങള്‍ ഉപയോഗിച്ച് ഉത്തരകൊറിയ ആക്രമിക്കുമെന്ന് വ്യക്തമായ സൂചന കിട്ടിയാല്‍ മുന്‍‌കരുതലെന്ന നിലയില്‍ ആദ്യം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രി കിം തയേ യംഗ്. ഒരു ഫോറത്തില്‍ സംസാരിക്കവേ ആണ് യംഗ് ഈ മുന്നറിയിപ്പ് നല്‍കിയത്.

തിരിച്ചടിക്കാന്‍ താമസിച്ചാ‍ല്‍ നഷ്ടം വളരെ വലുതായിരിക്കുമെന്നും അതുകൊണ്ടുതന്നെ ആദ്യം ആക്രമിക്കുകയാണ് ഉചിതമെന്നും തയെ യംഗ് കൂട്ടിച്ചേര്‍ത്തു. നേരത്തെയും യംഗ് ഉത്തരകൊറിയയ്ക്കെതിരെ പ്രകോപനപരമായ ആഹ്വാനങ്ങള്‍ നടത്തിയിട്ടുണ്ട്.

2008 ല്‍ സംയുക്ത മേധാവി സംഘത്തിന്‍റെ തലവനായിരിക്കുമ്പോഴായിരുന്നു യംഗ് ഇതിന് മുമ്പ് സമാനമായ പരാമര്‍ശം നടത്തിയത്. ഉത്തരകൊറി ആണവ പരീക്ഷണം നടത്തിയ സാഹചര്യത്തിലാണ് യംഗിന്‍റെ പരാമര്‍ശം.

യംഗിന്‍റെ പരാമര്‍ശത്തോട് ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല. ആണവനിരായുധീകരണം സംബന്ധിച്ച ഷഡ്കക്ഷി ചര്‍ച്ചയിലേക്ക് ഉത്തരകൊറിയയെ മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടക്കവേ ആണ് യംഗിന്‍റെ പ്രകോപനപരമായ പരാമര്‍ശം.

വെബ്ദുനിയ വായിക്കുക