അംഗീകരിക്കണമെന്ന് തമ്ഴ് പുലികള്‍

വ്യാഴം, 31 ജനുവരി 2008 (14:01 IST)
തങ്ങളുടെ പരമാധികാരം അംഗീകരിക്കണമെന്ന് ശ്രീലങ്കയിലെ തമിഴ് പുലികള്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു. ലങ്കയിലെ രണ്ട് ദശാബ്ദത്തിലേറെ ആയി നടന്ന് വരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള പ്രായോഗിക സമീപനം എന്ന നിലയില്‍ ഇതംഗീകരിക്കണമെന്നാണ് പുലികളുടെ ആവശ്യം.

ലങ്കയിലെ തമിഴ് ജനതയുടെ അവകാശങ്ങള്‍ വീണ്ടും നേടാന്‍ ഒരു വഴിയേ ഉള്ളൂ. അത് തമിഴ് രാഷ്ട്രത്തിന്‍റെ പരമാധികാരം അന്തരാഷ്ട്ര സമൂഹം അംഗീകരിക്കുക എന്നതാണ്- പുലികളുടെ രാഷ്ട്രീയ വിഭാഗം തലവന്‍ ബി നടേശന്‍ യു എന്‍ സെക്രട്ടറി ജനറലിന് അയച്ച കത്തില്‍ പറയുന്നു.

നേരത്തേ, പല തവണ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം യു എന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍, തമിഴരുടെ അവകാശങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുലികളില്‍ നിന്ന് ആദ്യമായാണ് ഔപചാരികമായ കത്ത് ലഭിക്കുന്നത്.

കത്തിന് വലിയ പ്രാധാന്യം ലഭിക്കാന്‍ ഇടയില്ലെന്നാണ് അനുമാനം. ലങ്ക എതിര്‍ക്കാനിടയുള്ളതും അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി പല രാജ്യങ്ങളും പുലികളെ നിരോധിച്ചിട്ടുള്ളതുമാണ് കാരണം.

ശ്രീലങ്കന്‍ സേന സിവിലിയന്മാരെ കൊന്നൊടുക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. നിലവിലുള്ള പ്രസിഡന്‍റ് മഹിന്ദാ രാജപക്സെ ചുമതലയേറ്റ ശേഷം 132 കുട്ടികളടക്കം 2056 സാധാ‍രണക്കാരെ ലങ്കന്‍ സൈനികര്‍ കൊല ചെയ്തായി നടേശന്‍ കത്തില്‍ ആരോപിക്കുന്നു.

വെബ്ദുനിയ വായിക്കുക