ബുര്‍ഖയ്ക്കെതിരെ ജര്‍മ്മനിയും

ഞായര്‍, 31 ജനുവരി 2010 (10:15 IST)
PRO
ഫ്രാന്‍സിനും ഡെന്‍‌മാര്‍ക്കിനും പിന്നാലെ ബുര്‍ഖ നിരോധിക്കാന്‍ ജര്‍മ്മനിയിലും നീക്കം. ജര്‍മ്മനിയിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് സംബന്ധിച്ച സംവാദം ചൂടുപിടിച്ചുകഴിഞ്ഞു.

സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കുന്നതിനെക്കുറിച്ചാണ് ജര്‍മ്മനിയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നത്. ബുര്‍ഖ ശരീരത്തിന്‍റെ തടവറയാണെന്നും മാനുഷീക അവകാശങ്ങള്‍ക്ക് മേല്‍ അത് ആഴത്തില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നുമാണ് മുന്‍ പാര്‍ലമെന്‍റംഗമായ ഒരു വനിതാ രാഷ്ട്രീയ പ്രവര്‍ത്തകയുടെ അഭിപ്രായം.

സ്കൂളുകളിലും സര്‍വ്വകലാശാലകളിലും കൂടാതെ ബാങ്കും വിമാനത്താവളവും പോലുള്ള അതീവ സുരക്ഷാ മേഖലയിലും ബുര്‍ഖ നിരോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ജര്‍മ്മന്‍ മാധ്യമങ്ങളിലും ബുര്‍ഖ നിരോധനത്തിന്‍റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

എന്നാല്‍ ചില രാഷ്ട്രീയ നേതാക്കള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ഫ്രാന്‍സിന്‍റേതില്‍ നിന്നും വ്യത്യസ്തമായ ചിന്തയാണ് ജര്‍മ്മനിയുടേതെന്ന് ഇവര്‍ വാദിക്കുന്നു. ബുര്‍ഖ മാറ്റാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്നും ബുര്‍ഖ ധരിക്കുന്നവരുടെ എണ്ണം ജര്‍മ്മനിയില്‍ വളരെ കുറവാണെന്നും ഇവര്‍ വാദിക്കുന്നു.

വെബ്ദുനിയ വായിക്കുക