ഷൂമാക്കര്‍ ഹോളിവുഡിലേക്ക്

വെള്ളി, 25 ഏപ്രില്‍ 2008 (12:54 IST)
PROPRO
ഫോര്‍മുല വണ്‍ റേസിംഗ് കഥയുടെ പശ്ചാത്തലത്തില്‍ സിനിമ ഒരുങ്ങുന്നത് പുതുമയല്ല. സ്പോര്‍ട്‌സ് താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും വ്യത്യസ്തമല്ല. എന്നാല്‍ കായികതാരങ്ങളുടെ ജീവിതം തന്നെ സിനിമയാകുമ്പോഴോ? മറഡോണയുടെയും ജോര്‍ജ്ജ് ബെസ്റ്റിന്‍റെയും ഒക്കെ പിന്നാലെ മൈക്കല്‍ ഷുമാക്കറിന്‍റെ കഥ അഭ്രപാളിയില്‍.

ഫുട്ബോള്‍ ഇതിഹാസങ്ങളുടെ ജീവിതം ഹൃസ്വചിത്രമായിരുന്നെങ്കില്‍ ഷുമിയുടെ കഥയ്ക്ക് അല്പം വ്യത്യാസമുണ്ട്. ഹോളീവുഡിലെ വലിയ ക്യാന്‍‌വാസിലേക്കാണ് ചിത്രം ഒരുങ്ങുന്നത്. ‘മൈക്കല്‍ ഷൂമാക്കര്‍ സ്റ്റോറി’ എന്ന പേരിലുള്ള ഈ സിനിമയില്‍ റേസിങ്ങ് ഇതിഹാസം ഷൂമാക്കറുടെ ജീവിതകഥ തന്നെ ഹോളിവുഡ് സിനിമയാകുന്നു.

ചിത്രത്തിലെ നായകനെ സംബന്ധിച്ചും ചില അത്‌ഭുതങ്ങളുണ്ട്. ഷൂമി തന്നെ നായകനാകണമെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതി ഉള്ള കായിക ഇനങ്ങളിലൊന്നാണെങ്കിലും ഫോര്‍മുല വണ റേസിങ്ങിന് അമേരിക്കയില്‍ വലിയ പ്രചാരമുണ്ടായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ ചലചിത്ര ലോകം ഷൂമാക്കറുടെ കഥ വെള്ളിത്തിരയിലെത്തിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. ബ്രസീലുകാരന്‍ അയേര്‍ട്ടണ്‍ സെന്നയ്ക്ക് ശേഷം ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ഫോര്‍മുല വണ്‍ താരമായ ഷൂമാക്കര്‍ 2006 ല്‍ കളം വിടുന്നതിന് മുന്‍പ് 91 ഗ്രാന്‍ഡ് പ്രീ കിരീടങ്ങള്‍ നേടിയിരുന്നു.

പതിനഞ്ച് വര്‍ഷം നീണ്ട തന്‍റെ ഫോര്‍മുല വണ്‍ കരിയറില്‍ ഷൂമി 154 തവണ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഒന്ന് നേടിയിട്ടുണ്ട്. വിരമിക്കലിന് ശേഷം ഈ 39 കാരന്‍ ഇപ്പോള്‍ തന്‍റെ പഴയ ടീമായ ഫെരാരിയുടെ ടെസ്റ്റ് ഡ്രൈവറായി പ്രവര്‍ത്തിച്ച് വരികയാണ്. അടുത്തയിടെ ബൈക്ക് റേസിങ്ങിലും ഷൂമി ഒരു കൈ നോക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക