ഗുല്‍മാര്‍ഗ്: കാശ്മീരിലെ സുന്ദരി

PROPRO
ഭൂമിയിലെ സ്വര്‍ഗമെന്ന വിശേഷണം പോലും നേടിയ കാശ്മീര്‍ താഴ്വരയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ബാരമുള്ള ജില്ലയിലെ ഗുല്‍മാര്‍ഗ്. ശൈത്യകാല ടൂറിസത്തിന് പേരുകേട്ട ഗുല്‍മാര്‍ഗ് കാശ്മീരിലെ തന്നെ ഏറ്റവും സുന്ദരപ്രദേശമായും വിലയിരുത്തപ്പെടുന്നുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 2730 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗിന്‍റെ മുഖമുദ്ര മേഘ പാളികളെ ചുംബിച്ചു നില്‍ക്കുന്ന മലനിരകളാണ്. കൊടും കാടുകളാല്‍ ചുറ്റപ്പെട്ട ഗുല്‍മാറഗിലെ മലനിരകള്‍ ശൈത്യകാലത്ത് പൂര്‍ണ്ണമായും മഞ്ഞു മൂടിയിരിക്കും. സ്കീയിങ്ങ് പോലെയുള്ള ശൈത്യകാല വിനോദത്തിനായി നിരവധി ടൂറിസ്റ്റുകളാണ് ഈ സമയത്ത് ഇവിടെ എത്തിച്ചേരുന്നത്.

അന്താരാഷ്ട്ര നിലവാരമുള്ള ഗോള്‍ഫ് കോഴ്സുകളും മലകള്‍ക്ക് മുകളിലൂടെയുള്ള ഗോണ്ടാലോ ലിഫ്റ്റ് എന്ന കേബിള്‍ കാര്‍ സംവിധാനവുമാണ് ഇവിടത്ത് മറ്റ് പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍. ഗുല്‍മാര്‍ഗില്‍ നിന്ന് ഏകദേശം 13 കിലോമീറ്റര്‍ അകലെയുള്ള അല്‍‌പാതര്‍ തടാകവും ഏറെ ശ്രദ്ധേയമാണ്. ജൂണ്‍ മാസം വരെ തണുത്തുറഞ്ഞ നിലയിലായിരിക്കും ഈ തടാകം.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി വളര്‍ന്നു കഴിഞ്ഞ ഗുല്‍മാര്‍ഗില്‍ ടൂറിസ്റ്റുകള്‍ക്ക് മികച്ച് താമസ-ഭക്ഷണ സൌകര്യങ്ങള്‍ ലഭ്യമാണ്. പല നിരക്കുകളിലുള്ള ഹോട്ടലുകള്‍ക്ക് പുറമെ സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷന്‍റെ ചെറിയ കോട്ടേജുകളും ഇവിടെയുണ്ട്.

ശ്രീനഗറാണ് ഗുല്‍മാര്‍ഗിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് ഗുല്‍മാര്‍ഗിലേക്ക് ബസ് സര്‍വീസുകളും ടാക്സി സേവനവും ലഭ്യമാണ്.

വെബ്ദുനിയ വായിക്കുക