ഈ വേനല്‍ക്കാലം ഈ മനോഹര സാഗരതീരത്ത്...

തിങ്കള്‍, 6 മെയ് 2013 (12:09 IST)
PRO
കടല്‍ത്തീരങ്ങള്‍ എന്നും നമുക്ക് ആശ്ചര്യം സമ്മാനിക്കുന്നു. എന്നാല്‍ നീലസാഗരത്തിന്‍റെ എല്ലാ സൌന്ദര്യവും ഒപ്പിയെടുക്കാന്‍ മുഴുവന്‍ കടലോര പ്രദേശങ്ങള്‍ക്കും സാധിച്ചെന്ന് വരില്ല. അതുകൊണ്ടാണ് ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രം സഞ്ചാരികള്‍ കൂട്ടമായെത്തുന്നത്. ഒറീസയിലെ ഗോപാല്‍പുര്‍ ഈ അര്‍ത്ഥത്തിലാണ് പ്രശസ്തമാവുന്നത്.

ഒറീസയില്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്തുള്ള ഒരു കൊച്ചുപട്ടണമാണ് ഗോപാല്‍പുര്‍‍. കടലമ്മ ഏറ്റവും കൂടൂതല്‍ മനോഹരമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന, രാജ്യത്തെ ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണിത്. സ്വര്‍ണ്ണ നിറമുള്ള മണലുകളില്‍ വെളുത്ത നുര വന്നടിയുന്ന അപൂര്‍വ കാഴ്ചയാണ് ഗോപാല്‍പുരിനെ പൂര്‍വ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാക്കുന്നത്. കടല്‍പ്രേമികള്‍ ഗോപാല്‍പുരിലേക്ക് കൂട്ടത്തോടെ വന്നണയാനുള്ള കാരണവും മറ്റൊന്നല്ല.

സമുദ്രത്തില്‍ നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റ് ഏത് ചൂടുള്ള കാലാവസ്ഥയിലും ഗോപാല്‍പുരിനെ ശീതളഛായയില്‍ നിര്‍ത്തുന്നു. നീന്തല്‍‌പ്രിയരുടെ ഇഷ്ടസ്ഥലം കൂടിയാണ് ഗോപാല്‍പുര്‍ കടലോരം. പ്രാദേശിക മീന്‍ പിടുത്തക്കാരുടെ സഹായത്തോടെ നീന്തല്‍ പരിശീലിക്കുന്നവരും ഇവിടെ ചുരുക്കമല്ല.

കടല്‍ത്തീരവാസികളുടെ ജീവിതരീതിയും ഏറെ താല്പര്യജനകമാണ്. മുക്കുവര്‍ പല വിധത്തിലുള്ള വലകള്‍ നെയ്തെടുക്കുന്ന കാഴ്ച ഇവിടെ കാണാനാകും. വിവിധ തരത്തിലുള്ള കക്കകളും പവിഴപുറ്റുകളും ധാരാളമായുണ്ടിവിടെ. മണലില്‍ തീര്‍ത്ത നിരവധി പ്രതിമകളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണ കാലത്തെ പ്രമുഖ തുറമുഖ പ്രദേശമായിരുന്നു ഗോപാല്‍പുര്‍‍. രണ്ടാം ലോകമഹായുദ്ധ സമയത്താണ് ഈ തുറമുഖം അടച്ചുപൂട്ടുന്നത്. യൂറോപ്യന്‍ വ്യാപാരികളുടെ നിരവധി ബംഗ്ലാവുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ പ്രദേശത്തിന് ഒരു കൊളോണിയല്‍ ചിത്രം നല്‍കുന്നുണ്ട്. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനായി ഒരു പുതിയ കോട്ട ഇവിടെ പണിതുകൊണ്ടിരിക്കുകയാണ്.

ബെര്‍ഹാപുര്‍, തപ്തപാനി, മഹൂരി കലുവ, പാട്ടിസോണവോര്‍, താരാതരിണി, ജൌഗത, ചില്‍ക്ക തുടങ്ങിയ മനോഹര സ്ഥലങ്ങളും ഗോപാല്‍പുരിന് സമീപത്താണ്.

വെബ്ദുനിയ വായിക്കുക