വ്യത്യസ്ത അനുഭവം പകര്‍ന്ന് സ്ലീപ് വാക്കിങ്ങ് ലാന്‍ഡ്

WDWD
കലാമൂല്യമുള്ള സിനിമകള്‍ കൊണ്ടു ശ്രദ്ധേയമായിരുന്നു ചലച്ചിത്ര മേളയുടെ അഞ്ചാം ദിനവും. മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. കൈരളി തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച മൊസാമ്പിക് ചിത്രമായ സ്ലീപ് വാള്‍ക്കിംഗ് ലാന്‍ഡും അര്‍ജന്‍റീനിയന്‍ ചിത്രമായ എക്സ്‌ എക്സ് വൈയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. പ്രമേയത്തിന്‍റെ വ്യത്യസ്തയും കലാമൂല്യവും സാങ്കേതിക മികവും ഈ ചിത്രങ്ങളെ മികവുറ്റതാ‍ക്കുന്നു.

യുദ്ധക്കെടുതികളുടെ നേര്‍ക്കാഴ്ചകള്‍ പകര്‍ന്ന് നല്‍കിയ സിനിമയായിരുന്നു മൊസാമ്പിക് ചിത്രമായ സ്ലീപ് വാക്കിങ്ങ് ലാന്‍ഡ്. മൊസാമ്പിക്കിലെ ആഭ്യന്തരയുദ്ധതിന്‍റെ പശ്താത്തലത്തില്‍ മിയോ കൂട്ടോ എഴുതിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ്, തെരേസ പ്രാട്ട തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം. ആഭ്യന്തരയുദ്ധത്തില്‍ വലയുന്ന മൊസാമ്പിക്കില്‍ നിലനില്‍‌പിന് വേണ്ടി യാത്ര തുടരുന്ന മുയിഡിംഗ എന്ന ബാലന്‍റെയും തൌഹീര്‍ എന്ന മദ്ധ്യ വയസ്കന്‍റെയും കഥ പറയുന്ന ചിത്രമാണ് സ്ലീപ് വാക്കിങ്ങ് ലാന്‍ഡ്.

ഭൂതകാലം മറന്നു പോയ ബാലനാണ് മുയിഡിംഗ. കലാപഭൂമിയില്‍ എവിടെയോ വച്ച് മുയിഡിംഗയെ തൌഹീര്‍ ഒപ്പം കൂട്ടുകയായിരുന്നു. അവന് മുയിഡിംഗ എന്ന പേരും അയാള്‍ നല്‍കുന്നു. കലാപകാരികളുടെ കണ്ണില്‍ പെടാതിരിക്കാന്‍ വേണ്ടി തൌഹീറും മുയിഡിംഗയും തീവച്ച് നശിപ്പിക്കപ്പെട്ട ഒരു ബസില്‍ അഭയം പ്രാപിക്കുന്നു. കത്തിച്ചാമ്പലാക്കപ്പെട്ട ബസിലെ മൃതദേഹങ്ങള്‍ നീക്കി താമസസ്ഥലം ഒരുക്കുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു കണ്ടെത്തുന്ന പെട്ടിയില്‍ നിന്നും അവര്‍ക്ക് ഒരു ഡയറിക്കുറിപ്പ് ലഭിക്കുന്നു.

മുയിഡിംഗ തൌഹീറിനെ ഈ ഡയറിക്കുറിപ്പുകള്‍ വായിച്ചു കേള്‍പ്പിക്കുന്നതിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. കലാപത്തില്‍ കൊല്ലപ്പെട്ട കാന്‍സുവിന്‍റെ ഡയറിക്കുറിപ്പായിരുന്നു അത്. കലാപത്തില്‍ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെടുന്ന കാന്‍സു നാട് ഉപേക്ഷിച്ച് ഒരു ബോട്ടില്‍ എങ്ങോട്ടിന്നില്ലാതെ യാത്രയാകുന്നു. യാത്രക്കിടയില്‍ ഒരു കപ്പലില്‍ ഒറ്റയ്ക്ക് കഴിയുന്ന ഫരീദയെന്ന സ്ത്രീയെ കാന്‍സു കണ്ടുമുട്ടുന്നു. കലാപത്തിനിടയില്‍ നഷ്ടപ്പെട്ടു പോയ പന്ത്രണ്ടു വയസുകാരനായ സ്വന്തം മകന്‍ ഗാസ്പറിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഫരീദ. കാന്‍സു ഫരീദയുടെ മകനെ കണ്ടെത്തുന്നതിനുള്ള ദൌത്യം ഏറ്റെടുക്കുന്നു.

കലാപഭൂമിയിലൂടെ ഗാസ്പറിനെ കണ്ടെത്താനായി അലയുന്ന കാന്‍സു കലാപകാരികളുടെ വെടിയേറ്റ് മരിക്കുന്നു. എന്നാല്‍ വെടിയേറ്റ് മരണത്തോട് മല്ലടിക്കുന്നതിനിടെ കാന്‍സു മുയിഡിംഗയെന്ന ഗാസ്പറിനെയും തൌഹീറിനേയും കാണുന്നുണ്ടെങ്കിലും അവര്‍ അരികിലെത്തുന്നുന്നതിന് മുമ്പുതന്നെ കാന്‍സു മരണത്തിന് കീഴടങ്ങുന്നു. ഡയറിക്കുറിപ്പുകള്‍ വായിച്ചതിന് ശേഷം അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കുന്ന മുയിഡിംഗ തന്‍റെ സത്വം തേടിയുള്ള യാത്ര ആരംഭിക്കുന്നു.
സ്നേഹത്തിനും പ്രതീക്ഷകള്‍ക്കും ഉപയോഗിച്ചിരിക്കുന്ന വ്യത്യസ്തമായ ചിഹ്നങ്ങള്‍ വേറിട്ട അനുഭവമാണ് ആസ്വാദകന് നല്‍കുന്നത്. മികച്ച ഷോട്ടുകളും സംഭാഷങ്ങളിലെ കൃത്യതയുമാണ് ചിത്രത്തിന്‍റെ പ്രത്യേകതകള്‍. കലാമൂല്യവും സാങ്കേതിക മേന്‍‌മയുമുള്ള ചിത്രങ്ങളുടെ പട്ടികയില്‍ സ്ലീപ് വാക്കിങ്ങ് ലാന്‍ഡിനേയും നിസ്സംശയം ഉള്‍പ്പെടുത്താം.

വെബ്ദുനിയ വായിക്കുക