രണ്ടാം‌വട്ടവും പ്രേക്ഷകരുടെ തിരക്ക്

KBJWD
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആറാം ദിനമായ ബുധനാഴ്ച മത്സര വിഭാഗ ചിത്രങ്ങളുടെ രണ്ടാം‌വട്ട പ്രദര്‍ശനങ്ങളായിരുന്നു നടന്നത്. എങ്കിലും മിക്ക ചിത്രങ്ങള്‍ക്കും ആസ്വാദകരുടെ തിരക്കിന് ഒട്ടും‌തന്നെ കുറവില്ലായിരുന്നു. കൈരളിയില്‍ പ്രദര്‍ശിപ്പിച്ച ഫിലിപ്പീന്‍സ് ചിത്രം ‘കാസ്കെറ്റ് ഫോര്‍ ഹയര്‍’ കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ആദ്യ പ്രദര്‍ശമായിരുന്ന ‘ഷാഡോസ്’ എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനം കഴിയുന്നതിന് മുമ്പ് തന്നെ പ്രേക്ഷകര്‍ തീയറ്ററിലേക്ക് എത്തിത്തുടങ്ങിയിരുന്നു. എന്നാല്‍ പ്രദര്‍ശനം കഴിയുവാന്‍ പതിവിലും കൂടുതല്‍ സമയമെടുത്തതോടെ അക്ഷമരായ പ്രേക്ഷകര്‍ തീയറ്ററിലേക്ക് പ്രവേശിച്ച് തുടങ്ങിയത് ചെറിയ തോതിലുള്ള ഉന്തിനും തള്ളിനും ഇടയാക്കി.

ചിത്രം കാണാനെത്തിയ മലയാള സിനിമാ രംഗട്ടെത്തെ പ്രമുഖരായ സംവിധായകന്‍ ഷാജി കൈലാസ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടന്‍ നന്ദു തുടങ്ങിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇടിച്ചുതള്ളിയാണ് അകത്ത് പ്രവേശിക്കാനായത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പ്രദര്‍ശിപ്പിച്ച ‘സ്വേലി ഇന്‍ ദ് സ്കൈ’ എന്ന ചിത്രത്തിന് അത്രതന്നെ തിരക്കുണ്ടായിരുന്നില്ല. മത്സരേതര വിഭാഗത്തിലുള്ള ചിത്രങ്ങള്‍ക്കും തിരക്കുണ്ടായിരുന്നു.

മേളയുടെ നാലാം ദിവസം പ്രേക്ഷകരുടെ മനം കവര്‍ന്ന ‘ബ്ലിസ്’ എന്ന തുര്‍ക്കിഷ് ചിത്രത്തിന് രണ്ടാം പ്രദര്‍ശനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. നിറഞ്ഞ സദസിലാണ് രണ്ടാം പ്രദര്‍ശനവും നടന്നത്. ‘ഷാഡോസ്’, ‘ടൈം’, ‘ബാള്‍‌റൂം ഡാന്‍സിങ്ങ്’ എന്നീ ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ ഒഴുക്ക് ദൃശ്യമായിരുന്നു. പല തീയറ്ററുകളിലും സീറ്റ് ലഭിക്കാക്കാത്തതിനെ തുടര്‍ന്ന് നിന്നുകൊണ്ടാണ് പലര്‍ക്കും ചിത്രം കാണാനായത്.

വെബ്ദുനിയ വായിക്കുക