അടൂരിനെന്താ കൊമ്പുണ്ടോ?

WD
മലയാള സിനിമയെ കുറിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ മത്സരവിഭാഗം ചിത്രങ്ങള്‍ തെരഞ്ഞടുത്ത സമിതിയില്‍ അംഗമായിരുന്ന കെ ജി ജോര്‍ജിനോട്‌ ഒരു ചോദ്യമുയര്‍ന്നു. അടൂര്‍ഗോപാലകൃഷ്ണന്‍റെ ‘നാലുപെണ്ണുങ്ങളേ’ക്കാള്‍ നല്ല ചിത്രമാണ്‌ ശ്യാമപ്രസാദിന്‍റെ ‘ഒരേ കടലും’ അവിരാ റബേക്കയുടെ ‘തകരച്ചെണ്ടയും’ എന്തുകൊണ്ട്‌ ഈ ചിത്രങ്ങള്‍ മത്സരിച്ചില്ല?

ഓപ്പണ്‍ ഫോറത്തിലേത്തിയ പ്രതിനിധികള്‍ ഒന്നടങ്കം ഈ ചോദ്യം ഉന്നയിച്ചപ്പോള്‍ കെ ജി ജോര്‍ജ്‌ ഒടുവില്‍ തന്‍റെ നിസ്സഹായത വെളിപ്പെടുത്തി. “ഞങ്ങളെ നിയമിക്കുന്നത്‌ സര്‍ക്കാരാണ്‌ ഞങ്ങള്‍ക്ക്‌ ചില പരിമിതികള്‍ ഉണ്ട്‌.” മലയാള സിനിമ രംഗത്ത്‌ നിലനില്‍ക്കുന്ന യഥാര്‍ത്ഥ പ്രതിസന്ധി വിളിച്ചു പറയുകയായിരുന്നു ഓപ്പണ്‍ ഫോറം.

അടൂര്‍ഗോപാലകൃഷ്ണന്‍ എന്ന വിഖ്യാത സംവിധായന്‍റേതായതിനാല്‍ സിനിമ നേരിട്ട്‌ മത്സരിക്കാനെത്തുന്നതിനെ പ്രതിനിധികള്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.“അടൂരിനെന്താ കൊമ്പുണ്ടോ” എന്ന നിലപാടിലായിരുന്നു ചില പ്രതിനിധികള്‍. അതേസമയം, അടൂരിനെതിരായ ചില പരാമര്‍ശങ്ങള്‍ ആസൂത്രിതമല്ലേ എന്നും ചില പ്രതിനിധികള്‍ സംശയം പ്രകടിപ്പിച്ചു.

മേളയിലെ മത്സരവിഭാഗം ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനെതിരെ സംവിധായകന്‍ അവിര റബേക്ക പൊട്ടിത്തെറിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് സമിതിയുടെ ആധികാരികതെയെ കുറിച്ചാണ് അദ്ദേഹം സംശയം ഉന്നയിച്ചത്.

‘ഒരേ കടലിലും’ ‘നോട്ട്‌ ബുക്കിലും’ സ്ത്രീകളെ പെട്ടെന്ന്‌ വഴങ്ങുന്നവളായി ചിത്രീകരിച്ചിരിക്കുകയാണെന്ന്‌ ചില വനിത പ്രതിനിധികളില്‍ നിന്നും ആരോപണമുയര്‍ന്നു. എന്നാല്‍ ശ്യാമപ്രസാദിനും റോഷന്‍ ആന്‍ഡ്രൂസിനും എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയുണ്ടായിരുന്നു.

പഴയകാല ചിത്രങ്ങള്‍ സമൂഹത്തിലെ പ്രശ്നങ്ങളെയും മാറ്റങ്ങളെയും കൈകാര്യം ചെയ്തിരുതായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ പറഞ്ഞു‍. എന്നാ‍ല്‍ ഇപ്പോഴത്തെ സിനിമകളില്‍ ആഗോളവല്‍ക്കരണത്തിന്‍റെ സ്വാധീനം ഉണ്ട്‌. വ്യക്തികളിലേയ്ക്ക്‌ ഒതുങ്ങുന്ന അവസ്ഥ സമൂഹത്തിലെപോലെ സിനിമയിലും കാണുന്നു‍. നമ്മുടെ നായകന്‍മാര്‍ വില്ലന്‍മാരും റൗഡികളുമായാണ്‌ ഇപ്പോള്‍ ചിത്രീകരിക്കപ്പെടുന്നത്.

മലയാളത്തിന് പുതിയ പ്രതിസന്ധി

പ്രശസ്ത സിനിമാതാരങ്ങളുടെ അതിപ്രസരമാണ്‌ മലയാള സിനിമ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന്‌ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ ജി ജോര്‍ജ്ജ്‌ പറഞ്ഞു‍. കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച്‌ ചിത്രമെടുക്കാന്‍ നമ്മുടെ സംവിധായകര്‍ തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വരുന്ന അഞ്ച്‌ വര്‍ഷത്തില്‍ മലയാള സിനിമാ രംഗത്ത്‌ പുത്തന്‍ മാറ്റങ്ങള്‍ സംഭവിക്കും. ‘മള്‍ട്ടി പ്ലക്സ്’ എന്ന പുതിയ പ്രദര്‍ശന സംവിധാനം നിലവില്‍ വരും. മള്‍ട്ടി പ്ലക്സില്‍ വളരെ കുറച്ച്‌ പേര്‍ വളരെ കൂടുതല്‍ പണം മുടക്കി സിനിമ കാണേണ്ട അവസ്ഥാവിശേഷം സംജാതമാകും. പ്രേക്ഷകരുടെ എണ്ണത്തില്‍ വരുന്ന കുറവാണ്‌ ഇതിന്‌ കാരണം.

പ്രേക്ഷകരുടെ ആസ്വാദനക്ഷമതയ്ക്കനുസരിച്ച്‌ സിനിമയുടെ സ്വഭാവം മാറ്റേണ്ടിവരുതായി 'ഒരേ കടലി'ന്‍റെ സംവിധായകന്‍ ശ്യാമ പ്രസാദ്‌ പറഞ്ഞു. സിനിമയുടെ ചുറ്റുപാടുകള്‍ക്കല്ല, അത്‌ വിനോദപ്രദമാണോ എന്നാ‍ണ്‌ പ്രേക്ഷകര്‍ നോക്കുത്‌. സിനിമാ സംവിധായകര്‍ കൂടുതല്‍ പേരെ കൂടുതല്‍ രസിപ്പിക്കുന്ന തരത്തിലുള്ള ഘടകങ്ങള്‍ ചേര്‍ത്തുവേണം സിനിമകള്‍ നിര്‍മ്മിക്കേണ്ടത്‌. ഇത്‌ ആധുനിക സംവിധായകര്‍ നേരിടു കടുത്ത വെല്ലുവിളിയാണ്‌.

വെബ്ദുനിയ വായിക്കുക