റാഡ്ക്ലിഫ് ‘ഹാരി പഫര്‍’ ആകുന്നു

PROPRO
ഹാരി പോട്ടര്‍ സിനിമകളിലൂടെ ഹോളീവുഡ് പ്രേക്ഷകരുടെ ഹരമായ ദാനിയേല്‍ റാഡ് ക്ലിഫ് സ്വന്തം ഇമേജ് തന്നെ നഷ്ടപ്പെടുത്തുമോ എന്നാണ് സുഹൃത്തുക്കളുടെയും കൂടെ ജോലി ചെയ്യുന്ന സംവിധായകരുടേയും സംശയം. കാരണമെന്താ? പയ്യന്‍റെ മുടിഞ്ഞ സിഗററ്റ് വലി തന്നെ. ഇട തടവില്ലാതെ കൊച്ചു താരം സിഗററ്റ് വലിച്ചു തള്ളുകയാണ്.

ഹാരി പോട്ടര്‍ പരമ്പരയിലെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിലാണ് പയ്യന് വലി കൂടിയത്. വന്ന് വന്ന് ഒരു ദിവസം 20 സിഗററ്റ് എങ്കിലും വലിക്കുന്നെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. യൂണിറ്റിലുള്ളവരും സുഹൃത്തുക്കളും ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് താരത്തിനു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഒന്നും പയ്യന്‍ ചെവിക്കു കൊള്ളുന്നില്ല.

ഓരോ ടേക്കുകള്‍ക്കിടയിലും താരം സിഗററ്റ് വലിക്കാനായി ഓടുമെന്നാണ് പിന്നണിയില്‍ കേള്‍ക്കുന്നത്. ഒരു ദിവസം ഒരു പാക്കറ്റ് സിഗരറ്റിലധികം വലിക്കുന്ന റാഡ് ക്ലിഫിന്‍റെ സ്വഭാവത്തില്‍ സുഹൃത്തുക്കള്‍ ആശങ്കയിലാണ്. ഷൂട്ടിംഗിനിടയില്‍ എപ്പോള്‍ കട്ട് പറഞ്ഞാലും താരം ലൈറ്റര്‍ കത്തിക്കാന്‍ തുടങ്ങുമെന്നാണ് യൂണിറ്റിലുള്ളവര്‍ പറയുന്നത്.

പൊതു ജനങ്ങള്‍ക്ക് മുന്നില്‍ നിന്നുള്ള റാഡ് ക്ലിഫിന്‍റെ വലി ഇമേജ് മോശമാക്കുമോ എന്ന് നിര്‍മ്മാതാക്കളും ഭയപ്പെടുന്നുണ്ട്. സഹ താരങ്ങളായ കെവിന്‍ സ്പാസിക്കും സ്റ്റീഫന്‍ ഫ്രേയ്‌ക്കുമൊപ്പം അര്‍ദ്ധ രാത്രിയില്‍ പുറത്തു പോകാന്‍ ആരംഭിച്ചതോടെയാണ് റാഡ് ക്ലിഫിനു ചീത്ത ശീലം ലഭിച്ചതെന്നാണ് കണ്ടെത്തല്‍. എന്തായാലും യൂണിറ്റ് റാഡ് ക്ലിഫിന്‍റെ പേര് ‘ഹാരി പോട്ടര്‍’ എന്നതിനു പകരം ‘ഹാരി പഫര്‍’ എന്നാക്കിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക