കുടുംബ പ്രശ്‌നങ്ങള്‍, കോടതി, മയക്കുമരുന്ന്, വിഷാദരോഗം, കയ്യാങ്കളി...വിവാദങ്ങളുടെ തോഴിയായ പോപ്താരം ബ്രിട്നി സ്പീയേഴ്‌സ് എല്ലാം അവസാനിപ്പിച്ച് മടങ്ങിവരികയാണ്. സംഗീതരംഗത്തേക്കും സ്റ്റേജിലേക്കും വീണ്ടും മടങ്ങിവരാനുള്ള തയ്യാറെടുപ്പ് ബ്രിട്ട് ശക്തമായി തന്നെ നടത്തുകയാണെന്ന് അണിയറയില്‍ കേള്‍ക്കുന്നു.
അടുത്ത് തന്നെ ലാസ് വെഗാസില്‍ ഒരു സ്റ്റേജ്ഷോ അവതരിപ്പിച്ച് സംഗീത രംഗത്തേക്ക് താരം മടങ്ങിവരും. 5 ദശലക്ഷം പൌണ്ട് വാഗ്ദാനം ലഭിച്ചിരിക്കുന്ന ഈ ഷോ പ്രതീക്ഷിക്കുന്ന പോലെ തന്നെ ബ്രിട്ടിന്‍റെ വമ്പന്‍ പരിപാടികളില്‍ ഒന്നാകും. അതിശയിപ്പിക്കുന്ന തരം വസ്ത്രങ്ങളും വജ്രപ്രഭ ചൊരിയുന്ന പ്രകാശ വിന്യാസങ്ങളും കാതടപ്പിക്കുന്ന സംഗീതവുമെല്ലാം ബ്രിട്ടിന്‍റെ പഴയ കാലത്തെ അനുസ്മരിപ്പിക്കും എന്നാണ് സൂചന.
ഈ സംഗീത പരിപാടിക്ക് പുറമേ പാം ഹോട്ടലിലും ലാസ് വെഗാസിലെ കാസിനോയിലും ഈ വര്‍ഷം അവസാനം ബ്രിട്ട് പാടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം എംടിവി വീഡിയോ മ്യൂസിക് അവാര്‍ഡില്‍ ബ്രിട്ട് ഒരു തട്ടുപൊളിപ്പന്‍ പരിപാടി അവതരിപ്പിച്ചത് അവരുടെ റെക്കോഡിംഗ് കമ്പനികള്‍ക്കും നല്‍കുന്ന ആത്‌മവിശ്വാസം ചെറുതല്ല.
ബ്രിട്നിയുടെ ജീവിതം മൊത്തത്തില്‍ മാറിമറിയുകയാണ്. എപ്പോഴും വെള്ളിവെളിച്ചത്തില്‍ കഴിയുന്ന പോപ്പ് താരം അടുത്തിടെ വാനിറ്റി ഫെയര്‍ മാസികയുടെ കവറില്‍ ജൂലിയാ റോബര്‍ട്‌സിനെ പോലെ ആയിരുന്നു പ്രത്യക്ഷപ്പെട്ടത്.
പേജ് മുഴുവാനായും ചിത്രീകരിച്ച വാനിറ്റി ഫെയറിന്‍റെ മുഖച്ചിത്രത്തില്‍ ഒരു റോസാപുഷ്പം കടിച്ച് പിടിച്ച് ജൂലിയ പോസ് ചെയ്തതിനു സമാനമായിട്ടായിരുന്നു ബ്രിട്ട് പ്രത്യക്ഷപ്പെട്ടത്. ബ്രിട്ടിന്‍റെ കരിയര്‍, ജീവിതം എല്ലാം പഴയ ട്രാക്കിലേക്ക് മടങ്ങുകയാണെന്ന് കരുതാം. ലോകം മുഴുവന്‍ താരം സ്റ്റേജില്‍ ചുവട് വയ്‌ക്കുന്നത് കാത്തിരിക്കുകയാണ്.