കാമുകനെ പിരിഞ്ഞു, ബ്രിട് ഏകാകിനി !

PRO
നിരാശ്രയത്വത്തിന്‍റെ പടുകുഴിയില്‍ നിന്ന് പുതിയ കാമുകന്‍ അദ്നാന്‍ ഗലിബിനൊപ്പം നിറമുള്ള ജീവിതത്തിലേക്ക് മടങ്ങാനുള്ള ബ്രിട്നി സ്പിയേഴ്സിന്‍റെ മോഹം അസ്ഥാനത്താവുന്നു. അവര്‍ ഗലിബുമായുള്ള ബന്ധം അവസാനിപ്പിച്ചു എന്ന് വാര്‍ത്തകള്‍.

ഒരു സമയത്ത് കാമുകനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ മതം മാറാന്‍ പോലും തയ്യാറായ ബ്രിട്നിക്ക് അയാളൊരു ആഘാതമായി മാറുകയായിരുന്നു. ഗലിബ് പകര്‍ന്ന് തന്നത് സ്വാഭാവിക സ്നേഹമല്ലെന്ന് തിരിച്ചറിഞ്ഞ ബ്രിട്നി ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായി. പാപ്പരാസികളുടെ വേട്ടയാടലിന് ഇരയായിരുന്ന ബ്രിട് സ്വാന്തനത്തിന്‍റെ കരങ്ങളായിരുന്നത്രേ ഗലിബില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍, ഗലിബ് നടത്തിയത് ഒരു ‘സൂപ്പര്‍ പാപ്പരാസി’ ജോലിയായിരുന്നു. സ്നേഹം നടിച്ച് ബ്രിട്നിയുമായി കൂടുതല്‍ കൂടുതല്‍ അടുത്തു. പിന്നീട് സ്വകാര്യ സംഭാഷണങ്ങളും അനുഭവങ്ങളും എല്ലാം മാധ്യമത്തിന് എരിവുള്ള വാര്‍ത്തയാക്കി നല്‍കി.

ആലംബം നഷ്ടപ്പെട്ട ബ്രിട് ഇപ്പോള്‍ മനോരോഗ ചികിത്സയിലാണെന്നാണ് വാര്‍ത്ത. ബ്രിട്നിയുടെ ദീര്‍ഘകാല സുഹൃത്തായ സാം ലുത്ഫിയാണ് ഇതിന് സ്ഥിരീകരണം നല്‍കുന്നത്.

അപ്രതീക്ഷിതമായി മനോനില മാറുന്ന അവസ്ഥയിലായിരുന്നു ബ്രിട്നി. ശരിയായ ഉറക്കത്തിനും അവര്‍ പാടുപെടുന്നുണ്ടായിരുന്നു. എന്നാല്‍, ചികിത്സ തുടങ്ങിയ ശേഷം നില മെച്ചപ്പെട്ടിരിക്കുകയാണ്. അവര്‍ക്ക് ഇപ്പോള്‍ നല്ല ഉറക്കവും ലഭിക്കുന്നുണ്ട്- സാം പറയുന്നു.

എന്തായാലും ഇത്രയും പ്രശ്നങ്ങളിലൂടെ കടന്നു പോയ പോപ് താരത്തിന് ആശ്വസിക്കാനും വകയുണ്ട്. കഴിഞ്ഞ കുറേക്കാലമായി അമ്മയുമായി തെറ്റിപ്പിരിഞ്ഞ ബ്രിട് അവരുമായി പിണക്കങ്ങള്‍ പറഞ്ഞുതീര്‍ത്തു. നിരാശ്രയത്വം മൂലം മനോനില തകരാറിലായ ബ്രിട്നിക്ക് ഇപ്പോള്‍ മാതാവ് ലിന്നെ ആണ് ഏക ആശ്രയമെന്നും മാധ്യമങ്ങള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക