ഇന്ന് കര്‍ക്കടക വാവ്. മൃതിയടഞ്ഞ പൂര്‍വ്വികരെ ഓര്‍ക്കാനും അവര്‍ക്ക് ബലിയിടാനും പ്രത്യേകം സമര്‍പ്പിക്കപ്പെട്ട ദിവസം. മരണം വഴി നമ്മളില്‍ നിന്ന് വേര്‍പ്പെട്ടു പോയവരെ ഓര്‍ക്കാനും അവര്‍ക്കായി ബലിയര്‍പ്പിക്കാനുമാണ് കര്‍ക്കടക വാവ് ദിവസം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അതിരാവിലെയുള്ള ബലിതര്‍പ്പണം ഏറെ പ്രാധാന്യമുള്ളതാണ്.
അതിരാവിലെ കുളിച്ച് ഈറനുടുത്ത് പിതൃക്കള്‍ക്കായി ബലിതര്‍പ്പണം നടത്തണം. പുലര്‍ച്ചയ്ക്കു കുളിച്ച ശേഷം തര്‍പ്പണത്തിനെത്തുന്നവര്‍ പിണ്ഡം തയാറാക്കിയശേഷം നവദേവതകളെയും മനസ്സില്‍ സങ്കല്‍പ്പിച്ച് ദര്‍ഭാസനത്തില്‍ പിതൃക്കളെ ആവാഹിച്ചിരുത്തുന്നു. എള്ളും ജലവും കൊണ്ടു തിലോദകം അര്‍പ്പിക്കുന്നു. നാക്കിലയിലെ ദര്‍ഭാസനത്തില്‍ മന്ത്രോച്ചാരണത്തോടെ അര്‍പ്പിക്കുന്ന പിണ്ഡത്തില്‍ പിതൃക്കളെ ആവാഹിച്ചിരുത്തി ആത്മശാന്തിക്കായുളള പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിടുന്നു. പിണ്ഡത്തില്‍ പിതൃക്കളെ സങ്കല്‍പ്പിച്ചാണ് പൂജകളും പ്രാര്‍ത്ഥനകളും നടത്തുക. നാക്കിലയില്‍ പിണ്ഡം വെച്ച് കൃഷ്ണമന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് അത് ജലത്തില്‍ ഒഴുക്കുകയോ കാക്കകള്‍ക്കു നല്‍കുകയോ ചെയ്യുന്നതാണ് ആചാരം.
നനഞ്ഞ കൈ കൊട്ടിയാണ് ശ്രാദ്ധമുറ്റത്തേക്ക് ബലിക്കാക്കകളെ വിളിക്കേണ്ടത്. ബലിക്കാക്കകള്‍ വന്ന് പിണ്ഡം ഭക്ഷിക്കുന്നു. ബലിക്കാക്കകള്‍ പിതൃക്കളാണെന്നാണ് ബലിയിടുന്നവരുടെ വിശ്വാസം. ബലിക്കാക്കകള്‍ വന്ന് പിണ്ഡം കഴിച്ച് മടങ്ങിപ്പോകുമ്പോള്‍ പിതൃക്കള്‍ ആത്മസംതൃപ്തിയോട് മോക്ഷം ലഭിച്ചിട്ടുണ്ടെന്ന് നമ്മള്‍ വിശ്വസിക്കും. കൈ കൊട്ടിയിട്ട് ബലിക്കാക്കകള്‍ പിണ്ഡം കഴിക്കാന്‍ വന്നില്ലെങ്കില്‍ അത് പിതൃക്കള്‍ക്ക് മോക്ഷം കിട്ടാത്തതുകൊണ്ടാണെന്നും വിശ്വാസമുണ്ട്.