ഒരു ദിവസം രണ്ടോ മൂന്നോ തവണ കുളിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക

ചൊവ്വ, 3 ഓഗസ്റ്റ് 2021 (08:26 IST)
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഒന്നിലേറെ തവണ കുളിക്കുന്നത് നല്ലതാണ്. പൊതുവേ ചൂട് കൂടിയ കാലവസ്ഥയാണ് കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെ ശരീരം അതിവേഗം വിയര്‍ക്കും. അധികനേരം വിയര്‍പ്പ് ശരീരത്തില്‍ നില്‍ക്കുന്ന പലതരത്തിലുള്ള ചര്‍മ രോഗങ്ങള്‍ക്ക് കാരണമാകും. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മം വൃത്തിയായി സൂക്ഷിക്കുന്നത് പൊതുവായ ആരോഗ്യത്തിനും നല്ലത് തന്നെ. 
 
ചിലര്‍ ദിവസവും രണ്ടോ മൂന്നോ തവണ കുളിക്കുന്നത് കണ്ടിട്ടില്ലേ? ശരീരത്തില്‍ അഴുക്കുണ്ടെങ്കില്‍ അങ്ങനെ കുളിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ദിവസവും രണ്ടോ മൂന്നോ തവണ കുളിക്കുമ്പോള്‍ എല്ലായ്‌പ്പോഴും സോപ്പ് ഉപയോഗിക്കുന്ന സ്വഭാവമുണ്ടെങ്കില്‍ അത് നിയന്ത്രിക്കുന്നത് നല്ലതാണ്. അമിതമായ സോപ്പ് ഉപയോഗം ചര്‍മം വരണ്ടതാക്കും. സോപ്പിന്റെയും മറ്റ് രാസപദാര്‍ഥങ്ങളുടെയും അശ്രദ്ധവും അമിതവുമായ ഉപയോഗം ചര്‍മത്തിനു വലിയ രീതിയില്‍ ദോഷം ചെയ്യും. ദിവസവും ഒരു തവണ മാത്രം സോപ്പ് ഉപയോഗിച്ച് കുളിക്കുന്നതാണ് ഉത്തമം. സോപ്പ് ഒരുപാട് പതപ്പിച്ച് കുറേ നേരം ശരീരത്തില്‍ ഇടുന്ന രീതിയും അത്ര നല്ലതല്ല. 
 
എപ്പോഴും കെമിക്കല്‍ അടങ്ങിയ സോപ്പോ ഷാമ്പൂവോ ഉപയോഗിക്കുന്നത് വിപരീത ഫലം ചെയ്യും. കുളിക്കുമ്പോള്‍ സോപ്പുപയോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ആദ്യത്തെ കുളി അല്‍പം വിശാലമായാലും പിന്നീടുള്ള കുളിയില്‍ കക്ഷത്തിലും സ്വകാര്യഭാഗങ്ങളിലും ശരീരത്തിലെ മടക്കുകളും മാത്രം സോപ്പ് ഉപയോഗിക്കുന്ന തരത്തില്‍ കുളിശീലം ക്രമീകരിക്കുക. ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തവര്‍ക്ക് പയറുപൊടിയോ സ്നാന ചൂര്‍ണങ്ങളോ ഉപയോഗിക്കാം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍