പ്രസവശേഷം പഴയ ശരീരത്തിലേക്ക് തിരിച്ചെത്തുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹോര്‍മോണല്‍ മാറ്റങ്ങള്‍, ഊര്‍ജ്ജക്കുറവ്, മാനസികമായ സംഘര്‍ഷങ്ങള്‍ എന്നിവയിലൂടെ കടന്നുപോയ ശേഷം വീണ്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ പല കാര്യങ്ങളും പ്രധാനമാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
ആദ്യമായി വിശ്രമം തന്നെയാണ് പ്രധാനമായും ആവശ്യം. പ്രസവം കഴിഞ്ഞ് ശരീരത്തിന് വലിയ അളവില്‍ വിശ്രമം ആവശ്യമാണ്. ഈ സമയത്ത് കുടുംബാംഗങ്ങളുടെ സാന്നിധ്യം പ്രധാനമാണ്. കുട്ടിയുടെ കാര്യം നോക്കുന്നതിനൊപ്പം വീട്ടുജോലികളും കൈകാര്യം ചെയ്യുക എന്നത് ഈ സമയത്ത് ഏറെ പ്രയാസമുള്ള കാര്യമാണ്. പോഷകസമൃദമായ ആഹാരമാണ് ഈ കാലയളവില്‍ കഴിക്കേണ്ടത്. പച്ചക്കറികള്‍, പ്രോട്ടീന്‍, പഴങ്ങള്‍, പാല്‍, മത്സ്യം എന്നിങ്ങനെ സന്തുലിതമായ ആഹാരം കഴിക്കുക. സൂപ്പുകള്‍ ഗോതമ്പ്/പയര്‍ ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്താം.
ഈ സമയത്ത് ആയുര്‍വേദ ചികിത്സ ശരീരത്തിന്റെ വീണ്ടെടുപ്പിന് സഹായിക്കും.ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാവധാനം ആരംഭിക്കേണ്ടതും പ്രധാനമാണ്. മസിലുകള്‍ക്ക് ശക്തിവരുത്താന്‍ ചെറിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യാം. നടത്തം, ശ്വസനാഭ്യാസങ്ങള്‍, യോഗ എന്നിവയും ചെയ്യാവുന്നതാണ്. മാനസികമായ ആരോഗ്യവും പ്രധാനമാണ്. കുഞ്ഞിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാം. ഈ സമയങ്ങളില്‍ അടുത്തബന്ധുക്കള്‍, കൂട്ടുകാര്‍ എന്നിവരുടെ സാന്നിധ്യം പ്രയോജനം ചെയ്യും. കുഞ്ഞ് ഉറങ്ങുമ്പോള്‍ അമ്മയും ഉറങ്ങാന്‍ ശ്രമിക്കുക. മിതമായ ഉറക്കം പോലും സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. വിളര്‍ച്ച, രക്തത്തിലെ മാറ്റങ്ങള്‍, വേദന എന്നിവ പരിധിക്കപ്പുറം അനുഭവപ്പെട്ടാല്‍ മെഡിക്കല്‍ സഹായം തേടാന്‍ മറക്കരുത്.