ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വിതയ്ക്കുന്ന വിപത്തുകളില്‍ കേരളത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാഗ്രത പുലര്‍ത്തിയാല്‍ കേരളത്തിന് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്തുതാവിരുദ്ധമായ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെക്കൂടി ജാഗ്രത പുലര്‍ത്തണം. ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.
മാസ്‌ക് കൃത്യമായി ധരിക്കാനും, കൈകള്‍ ശുചിയാക്കാനും, ശാരീരിക അകലം പാലിക്കാനും വീഴ്ച വരുത്തരുത്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളില്‍ കൂടാനോ, അടുത്ത് ഇടപഴകാനോ പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയില്‍ പാലിച്ചതുകൊണ്ടാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗവ്യാപനം കുറഞ്ഞതും മരണങ്ങള്‍ അധികം ഉണ്ടാകാതിരുന്നതും.