പലരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ മിക്കതും വരുന്നതിന്റെ ഒരു കാരണം വ്യായാമത്തിന്റെ കുറവാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി എന്നിങ്ങനെയുള്ള പല രോഗങ്ങളുടെയും കാരണം വ്യായാമക്കുറവാകാനുള്ള സാധ്യതയുണ്ട്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഹൃദയത്തിന്റെയും മറ്റു ആന്തരിക അവയവങ്ങളുടെയും താളം തെറ്റിക്കുന്നു.
എന്നാല്‍ ദിവസേന അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റി വച്ചാല്‍ പലരോഗങ്ങളെയും നമുക്ക് തടഞ്ഞു നിര്‍ത്താന്‍ സാധിക്കും. ദിവസവും അര മണിക്കൂര്‍ വ്യായാമം ചെയ്യുന്നതിലൂടെ ഹൃദ്രോഗസാധ്യത മുപ്പത് ശതമാനത്തോളം കുറയ്ക്കുവാന്‍ സാധിക്കുമെന്നും പഠങ്ങള്‍ പറയുന്നു. പച്ചക്കറികളും പഴങ്ങളും ധാരാളമടങ്ങിയതും കൊഴുപ്പും ഉപ്പും കുറഞ്ഞതുമായ ഭക്ഷണം ശീലമാക്കണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കണം. മത്സ്യം കറിവച്ചു കഴിക്കുന്നത് ഉത്തമമാണ്.