രാത്രി ചോറുണ്ണാമോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

വ്യാഴം, 5 ഓഗസ്റ്റ് 2021 (12:58 IST)
രാത്രി ചോറുണ്ണുന്നത് ആരോഗ്യത്തിനു ദോഷമാണോ? ചോറുണ്ണാന്‍ ഇഷ്ടമുണ്ടെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ പേടിച്ച് രാത്രി ചോറ് ഒഴിവാക്കുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. ചോറുണ്ണുമ്പോള്‍ തടി കൂടിയാലോ എന്ന് പേടിച്ചാണ് പലരും ഇത് ചെയ്യുന്നത്. എന്നാല്‍, രാത്രിയില്‍ ചോറുണ്ണുന്നതുകൊണ്ട് ചില ഗുണങ്ങളും ഉണ്ട്. 
 
ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് രാത്രി ചോറ് നല്ലതാണ്. ചോറ് പെട്ടെന്ന് ദഹിക്കും. പ്രത്യേകിച്ച് കഞ്ഞിയായി കഴിയ്ക്കുമ്പോള്‍. ചര്‍മാരോഗ്യത്തിനും ചോറ് നല്ലതാണെന്നാണ് പറയുന്നത്. ചോറില്‍ സള്‍ഫര്‍ സംയുക്തമായ അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. മെഥിയോണൈന്‍ എന്നാണ് ഇതിന്റെ പേര്. ചര്‍മാരോഗ്യത്തിനു ഗുണം ചെയ്യുന്നതാണ് ഈ ഘടകം. ഞരമ്പുകള്‍ക്കും ഹൃദയത്തിനും ഗുണം നല്‍കുന്ന ജീവകം ബി 3 യും ചോറില്‍ അടങ്ങിയിട്ടുണ്ട്. 
 
ഒരു ദിവസത്തില്‍ എപ്പോഴെങ്കിലും ചോറ് പരിപ്പും നെയ്യും ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. നെയ്യ് ചേര്‍ത്ത് ചോറുണ്ണുന്നത് പ്രമേഹ രോഗികള്‍ക്കും തടി കുറയ്ക്കാനും ഏറെ നല്ലതാണ്. നെയ്യ് ചോറിലെ ഷുഗര്‍ പെട്ടെന്നു തന്നെ രക്തത്തിലേയ്ക്ക് ഇറങ്ങുന്നത് തടയുന്നു. ഇതിനാല്‍ തന്നെ പ്രമേഹ സാധ്യത കുറയ്ക്കാന്‍ സാധിയ്ക്കുന്നു. 
 
രാത്രി ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം അതിന്റെ അളവാണ്. മിതമായ അളവിലായിരിക്കണം രാത്രി ചോറ് കഴിക്കേണ്ടത്. മാത്രമല്ല രാത്രി ഏറെ വൈകി ചോറ് കഴിക്കരുത്. രാത്രി ഏഴ് മണിക്ക് മുന്‍പെങ്കിലും ചോറുണ്ണണം. ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പായിരിക്കണം അത്താഴം കഴിക്കേണ്ടത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍