പ്രാതലിനൊപ്പം കോഫിയാണോ കുടിക്കുന്നത് ? സൂക്ഷിക്കണേ... ആരോഗ്യം ക്ഷയിക്കും !

ശനി, 24 ജൂണ്‍ 2017 (13:01 IST)
കോഫി കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. നിത്യേന രണ്ടും മൂന്നും കോഫി കുടിക്കുന്നവര്‍ നമുക്കിടയില്‍ തന്നെ ഒരുപാടുണ്ടാകുകയും ചെയ്യും. എന്നാല്‍ കോഫി പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതലിനൊപ്പം പതിവായി കോഫി കുടിക്കുന്ന സ്വഭാവമുള്ള വ്യക്തിയാണെങ്കില്‍ അത് വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 
 
ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതല്‍, അത് പഞ്ചസാര കുറഞ്ഞതാണെങ്കില്‍ പോലും ഒപ്പം കോഫി കുടിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. പ്രാതലിനൊപ്പം കോഫി കുടിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് 250 ശതമാനമാണ് ഉയര്‍ന്നതെന്ന് ഗവേഷകര്‍ പറയുന്നു. പത്ത് സര്‍വകലാശാല വിദ്യാര്‍ത്ഥികളിലാണ് ഇതു സംബന്ധിച്ച പഠനം നടന്നത്. 
 
കോഫിയിലടങ്ങിയിരിക്കുന്ന കഫീന്‍ ഇന്‍സുലിനെ പ്രതിരോധിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞത്. ഇതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണം. പ്രമേഹത്തിലെ ടൈപ്പ് രണ്ട് ബാധിച്ചിട്ടുള്ളവര്‍ക്ക് ഈ അവസ്ഥ വളരെ അപകടം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ശരിയായ ജീവിതശൈലിയും ഉചിതമായ ഭക്ഷണ രീതിയും പാലിക്കുന്നവര്‍ക്ക് ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതലിനൊപ്പം കോഫി കുടിക്കുന്നത് പ്രശ്നമാകില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

വെബ്ദുനിയ വായിക്കുക