ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല; ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടാല്‍ എങ്ങനെ തിരിച്ചറിയാം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 22 ജൂണ്‍ 2023 (08:58 IST)
ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. ഈഡിസ് വിഭാഗത്തില്‍പെടുന്ന പകല്‍ സമയത്ത് കടിക്കുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ട് വരുന്നത്. കറുപ്പുനിറത്തിലുളള ശരീരത്തില്‍ വെളള നിറത്തിലുളള വരകളും തലയിലും ഉരസ്സിലും കാണുന്ന വെളുത്ത കുത്തുകളും ഇവയുടെ പ്രത്യേകതയാണ്.
 
ഈഡിസ് വിഭാഗത്തിലെ ഈജിപ്റ്റി, ആല്‍ബോപിക്റ്റസ്, സ്‌ക്കൂറ്റില്ലാറിസ്, പോളിനെന്‍സിസ് എന്നീ സ്പീഷിസുകളെല്ലാം രോഗം പരത്തുന്നതായി കണ്ട് വരുന്നു. രോഗബാധിതരെ കുത്തുമ്പോള്‍ വൈറസ് കൊതുകുകളിലെത്തുന്നു. തുടര്‍ന്ന് എട്ടുമുതല്‍ 11 വരെയുളള ദിവസങ്ങളില്‍ പെരുകുന്ന വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ കാണപ്പെടുന്നു.
 
കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ വൈറസ് പകരും. ഇങ്ങനെ രോഗാണുവാഹകരായ കൊതുകുകള്‍ ജീവിതകാലം മുഴുവനും രോഗം പരത്തും. 65 ദിവസമാണ് ഈ കൊതുകിന്റെ ആയുസ്. മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍ ഗ്രന്ഥികളില്‍ എത്തുകയും അവിടെ നിന്ന് റെറ്റിക്കുലോ എന്‍ഡോത്തീലിയല്‍ സിസ്റ്റത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അവിടെ വളര്‍ന്ന് പെരുകുന്ന വൈറസുകള്‍ പിന്നീട് രക്തത്തിലേക്ക് വ്യാപിക്കുന്നു.
 
രക്തപരിശോധനയാണ് രോഗം തിരിച്ചറിയാന്‍ ചെയ്യേണ്ടത്. രോഗം പടരുന്ന സ്ഥലത്ത് പുറത്തിറങ്ങുമ്പോള്‍ കൈകാലുകളടക്കം മറയുന്ന വിധം വസ്ത്രം ധരിക്കുന്നത് കൊതുക് കടിക്കുന്നതില്‍ നിന്ന് രക്ഷനല്‍കും. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കുന്നതിന് പകരം ഡോക്ടറെ സമീപിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍