35 കഴിഞ്ഞാല്‍ ‘ആ ദിനങ്ങള്‍’ വേണ്ടേ?

വെള്ളി, 19 ഫെബ്രുവരി 2010 (12:51 IST)
PRO
PRO
വനിതകള്‍ക്ക് 35 വയസ്സ് എന്തിനെങ്കിലും ഒരു പരിധിയാണോ? അല്ലെന്ന് നിസ്സംശയം പറയാം. എല്ലാ രീതിയിലും നല്ല പ്രായമെന്ന് വേണമെങ്കിലും ഈ പ്രായത്തെ വിശേഷിപ്പിക്കാം. എന്നാല്‍, അടുത്തിടെ ബ്രിട്ടണില്‍ നടത്തിയ ഒരു സര്‍വേ ഫലം അല്‍പ്പം ഉത്കണ്ഠ ഉളവാക്കുന്നതാണ്.

35 വയസ്സും അതിനു മുകളിലും പ്രായമുള്ള നാല് സ്ത്രീകളില്‍ ഒരാള്‍ വീതം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നില്ല അഥവാ ലൈംഗിക ജീവിതം പാടേ ഉപേക്ഷിച്ചു എന്നാണ് സര്‍വെയിലെ ഒരു വെളിപ്പെടുത്തല്‍. ഇത്തരത്തിലുള്ള 28 ശതമാനവും ലൈംഗികതയെ കഴിഞ്ഞ കാലത്തെ സംഭവമായാണ് കണക്കാക്കുന്നത്!

സര്‍വെ പ്രകാരം, കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കാണ് ഏറ്റവും കൂടുതല്‍ തവണ രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിച്ചത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മിക്കപ്പോഴും രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിച്ചു എന്ന് 41 ശതമാനം സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍, കുട്ടികളുള്ള സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ പലപ്പോഴും അകലെയായിരുന്നു. ഇവരില്‍ ഒരു കുട്ടിയുള്ള 12 ശതമാനം രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയുന്നു എന്ന് പറഞ്ഞപ്പോള്‍ രണ്ട് കുട്ടികളുള്ളവരില്‍ 14 ശതമാനം രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിക്കുന്നുണ്ട് എന്ന് അഭിപ്രായപ്പെട്ടു.

ദൈനംദിന പിരിമുറുക്കങ്ങളും ജോലിയും സ്ത്രീകളുടെ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് സര്‍വെയുടെ പൊതുഫലം സൂചിപ്പിക്കുന്നത്. പാര്‍ട്ട്‌-ടൈം ജോലിചെയ്യുന്ന 67 ശതമാനം സ്ത്രീകള്‍ തങ്ങള്‍ക്ക് മിക്കപ്പോഴും രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിക്കുന്നു എന്ന് പ്രതികരിച്ചപ്പോള്‍ മുഴുവന്‍ സമയ ജോലിക്കാരില്‍ 55 ശതമാനത്തിനു മാത്രമേ ഇത്തരത്തില്‍ ലൈംഗിക സുഖം അനുഭവിക്കാന്‍ കഴിഞ്ഞുള്ളൂ എന്ന് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

മെനോപോസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ആശങ്കാഭരിതമായ മറുപടിയാണ് സര്‍വെ നടത്തിയവര്‍ക്ക് ലഭിച്ചത്. 35 വയസ്സിനു മുകളിലുള്ള 28 ശതമാനം സ്ത്രീകളും തങ്ങള്‍ക്ക് മെനോപോസോടുകൂടി ഓര്‍മ്മശക്തി നഷ്ടമാവുമെന്നാണ് കരുതുന്നത്. എന്നാല്‍, സര്‍വെയില്‍ പ്രതികരിച്ച 26 ശതമാനമാവട്ടെ തങ്ങളുടെ ലൈംഗിക ജീവിതം എന്നന്നേക്കുമായി ഇല്ലാതാവുമെന്ന ഭയവും പ്രകടിപ്പിച്ചു. ‘സ്കൈ റിയല്‍ ലൈവ്സ്’ ആണ് സര്‍വെ ഫലം വെളിപ്പെടുത്തിയത്. 35-64 പ്രായപരിധിയിലുള്ള 745 സ്ത്രീകളിലാണ് സര്‍വെ നടത്തിയത്.

വെബ്ദുനിയ വായിക്കുക