നെയില്‍ പോളിഷ് അണിയുന്നതിലെ സൌന്ദര്യം പൂര്‍ണമാകണോ ? എങ്കില്‍ ഇതു നിര്‍ബന്ധം !

ശനി, 23 സെപ്‌റ്റംബര്‍ 2017 (10:54 IST)
സുന്ദരിമാര്‍ നഖങ്ങള്‍ക്ക് കൊടുക്കുന്ന ‘സ്‌പെഷ്യല്‍ കെയര്‍’ കാണുമ്പോള്‍ നഖത്തിന് വേണ്ടി ഇത്രയും ‘റിസ്കോ’ എന്ന് അദ്‌ഭുതപ്പെടേണ്ട. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ സംരക്ഷണം. പണ്ട് മൈലാഞ്ചി ചുവപ്പിന്‍റെ അഴകോടെയാണ് കൈകളെയും, കൈ നഖങ്ങളെയും കൊണ്ടു നടന്നതെങ്കില്‍ പിന്നെയത് നെയില്‍ പോളിഷിലേക്കും, ചിത്രപ്പണികള്‍ ചെയ്ത സ്റ്റിക്കറുകളിലേക്കുമെത്തി. 
 
ധരിക്കുന്ന വസ്ത്രത്തിന് യോജിച്ച നിറങ്ങളും, അതിലൊരു തിളക്കവും ഒക്കെയായി മങ്കമാരുടെ മനസ്സിനിന്ന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് നെയില്‍ പോളിഷ്. നെയില്‍ പോളിഷ് ഉപയോഗിക്കുന്നതിനു മുമ്പ് ‘നെയിലി’നു കുറച്ച് ശ്രദ്ധ കൊടുക്കാന്‍ മറക്കരുതേ!. നീട്ടി വളര്‍ത്തിയ നഖം ഇഷ്‌ടമുള്ള സ്‌റ്റൈലില്‍ വെട്ടിയൊതുക്കി സുന്ദരമാക്കുക. പിന്നീട് നഖത്തിനും, ത്വക്കിനും അനുയോജ്യമായ നെയില്‍ പോളിഷ് അണിയുക. എങ്കില്‍ മാത്രമേ നെയില്‍ പോളിഷ് അണിയുന്നതിലെ സൌന്ദര്യം പൂര്‍ണമാകൂ.
 
പണ്ടൊക്കെ നെയില്‍ പോളിഷ് ഒരു തവണ ഇട്ടു കഴിഞ്ഞാല്‍ പിന്നെ പുതിയ കോട്ട് ഇടണമെങ്കില്‍ അത് തനിയെ പൊളിഞ്ഞു പോകണമായിരുന്നു. എന്നാല്‍, ഇന്ന് ധരിക്കുന്ന വസ്ത്രത്തിനനുസരിച്ച് നെയില്‍ പോളിഷിന്‍റെ നിറവും മാറും. റിമൂവര്‍ ഉപയോഗിച്ച് നെയില്‍ പോളിഷ് നീക്കാനുള്ള സൌകര്യം ലഭിച്ചതോടെ നഖങ്ങള്‍ നെയില്‍ പോളിഷുകളുടെ പരീക്ഷണശാലയായി.
 
എന്നാല്‍, റിമൂവര്‍ ഉപയോഗിക്കുന്നത് നഖങ്ങളുടെ ബലക്ഷയത്തിനും, നിറം മാറ്റത്തിനും കാരണമാകും. (റിമൂവര്‍ ഉപയോഗിച്ച് നെയില്‍ പോളിഷ് കളഞ്ഞതിനു ശേഷം നഖം നല്ലതു പോലെ കഴുകി വൃത്തിയാക്കണം). ഇതില്‍ നിന്ന് രക്ഷ നേടാന്‍ ഇളം കളറുകളായിട്ടുള്ള നെയില്‍ പോളിഷുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അതാകുമ്പോള്‍ ഒരു വിധം എല്ലാ വസ്ത്രങ്ങളുടെയും നിറങ്ങളുമായി ചേരുന്നവയുമായിരിക്കും. നെയില്‍ പോളിഷ് ഇടുന്ന സമയത്ത് അതിനോടോപ്പം അല്പം ‘ഗില്‍റ്റ് പൌഡര്‍’ ചേര്‍ക്കുന്ന ട്രെന്‍ഡ് ഇപ്പോഴുണ്ട്. നഖങ്ങള്‍ക്ക് ഒരു ‘മിന്നിത്തിളക്കം’ ലഭിക്കാന്‍ ഇത് സഹായിക്കും.
 
പതിവായി നെയില്‍ പോളിഷുകളെ ആശ്രയിക്കുന്നവര്‍ ഇടയ്ക്ക് നഖങ്ങളെ സ്വതന്ത്രമായി വിടണം. നഖങ്ങളുടെ ആരോഗ്യത്തിനും, സുന്ദരമായ നിലനില്‍പ്പിനും ഇത് ആവശ്യമാണ്. നെയില്‍ പോളിഷ് ഉപയോഗിക്കാത്ത സമയങ്ങളില്‍ നാരങ്ങാനീര് പുരട്ടുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. നെയില്‍ പോളിഷ് ഉപയോഗിക്കുന്നതിനു മുമ്പ് നഖങ്ങള്‍ക്കു ചുറ്റും കോള്‍ഡ് ക്രീം പുരട്ടിയാല്‍, നഖത്തിനു ചുറ്റുമുള്ള തൊലിയില്‍ ഇത് പടരാതിരിക്കാന്‍ സഹായിക്കും. നെയില്‍ പോളിഷ് ഇട്ടതിനു ശേഷം വേഗം ഉണങ്ങാന്‍ തണുത്ത വെള്ളത്തില്‍ മുക്കി വച്ചാല്‍ മതിയാകും.
 
നെയില്‍ പോളിഷിനു പകരം നഖങ്ങളില്‍ വിവിധ രൂപങ്ങളിലുള്ള സ്‌റ്റിക്കറുകള്‍ ഒട്ടിക്കുന്നത് ഏറ്റവും പുതിയ ട്രെന്‍ഡ് ആണ്. കല്യണത്തിനും, മറ്റ് പാര്‍ട്ടികള്‍ക്കും പോകുമ്പോള്‍ അടിപൊളി ചുരിദാറിന് ഇത് നല്‍കുന്ന ‘ലുക്ക്’ ഒന്നു വേറെ തന്നെയാണ് കേട്ടോ. ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിച്ച് പിന്നീട് മാറ്റി വയ്ക്കാം എന്ന സൌകര്യവും ഇതിനുണ്ട്. നെയില്‍ പോളിഷുകള്‍ ഇട്ട് മടുത്തവര്‍ക്ക് ഇനി പുതിയ ഫാഷനില്‍ ഒരു കൈ നോക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍