കര്‍ക്കടകത്തില്‍ മുരിങ്ങയില കഴിക്കാമോ?

രേണുക വേണു

ചൊവ്വ, 16 ജൂലൈ 2024 (16:05 IST)
Drum stick leaves
സമൂഹത്തില്‍ നിലനില്‍ക്കുന്ന അശാസ്ത്രീയ പ്രചരണങ്ങളില്‍ ഒന്നാണ് 'കര്‍ക്കടകത്തില്‍ മുരിങ്ങയില കഴിക്കരുത്' എന്നത്. കര്‍ക്കടകമോ മഴക്കാലമോ എന്നില്ലാതെ ഏത് കാലഘട്ടത്തിലും കഴിക്കാവുന്ന ഇലക്കറിയാണ് മുരിങ്ങയില. മഴക്കാലത്ത് മാത്രമായി ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ടോക്‌സിന്‍സ് മുരിങ്ങയിലയില്‍ പ്രവേശിക്കുന്നില്ല. മാത്രമല്ല മുരിങ്ങയില്ല ശരീരത്തിനു ആവശ്യമായ ജീവകങ്ങളും ധാതുക്കളും നല്‍കുകയും ചെയ്യുന്നു. 
 
മഴക്കാലത്ത് മുരിങ്ങയിലയില്‍ വിഷാംശം ഉണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. ശാസ്ത്രീയമായി നോക്കിയാല്‍ ഇത് തികച്ചും അടിസ്ഥാന രഹിതമാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്നിവ മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. കുടലിന്റെ ആരോഗ്യത്തിനു മുരിങ്ങയില നല്ലതാണ്. ദഹനം മികച്ചതാക്കാനും മുരിങ്ങയിലയ്ക്കു സാധിക്കും. ശരീരത്തിനു അവശ്യമായ അമിനോ ആസിഡുകള്‍, ഇരുമ്പ് എന്നിവയും മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. 
 
തങ്ങളെ ആക്രമിക്കാന്‍ വരുന്ന പ്രാണികളില്‍ നിന്ന് രക്ഷ നേടാന്‍ സാധാരണ എല്ലാ ചെടികളുടെയും ഇലകള്‍ ചെയ്യുന്നതു പോലെ മുരിങ്ങയിലയും ടോക്‌സിന്‍സ് ഉത്പാദിപ്പിക്കുന്നുണ്ട്. മഴക്കാലത്ത് ഈ ടോക്‌സിനുകളുടെ അളവ് ഇലകളില്‍ കുറയുകയാണ് ചെയ്യുക. മാത്രമല്ല ഈ ടോക്‌സിന്‍സ് നന്നായി കഴുകി ശേഷം വേവിക്കുമ്പോള്‍ പൂര്‍ണമായി ഇല്ലാതാകുകയും ചെയ്യുന്നു. അതുകൊണ്ട് കര്‍ക്കടകത്തില്‍ എന്നല്ല ഏത് സമയത്തും മുരിങ്ങയിലയ്ക്ക് ഒരേ ഗുണം തന്നെയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍