‘മരണ സ്പര്‍ശം’ ഇങ്ങനെയൊക്കെയാണ്; മര്‍മ്മസ്ഥാനത്ത് കൈ വെക്കരുതെന്ന് പറയുന്നത് ഇക്കാരണങ്ങളാലാണ്

തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (17:04 IST)
‘മര്‍മ്മമറിയുന്നവര്‍ തല്ലാന്‍ പാടില്ല’ എന്നാണ് പഴമൊഴി. കാരണം, മര്‍മ്മമറിഞ്ഞൊന്ന് കൊടുത്താല്‍ ചിലപ്പോള്‍ കിട്ടുന്നയാള്‍ പിന്നെ ജീവനോടെ ഉണ്ടാകില്ല എന്നതു തന്നെ. മര്‍മ്മസ്ഥാനത്ത് തല്ലിയാല്‍, ആക്രമണം ഉണ്ടായാല്‍ അത് മരണത്തിലേക്കുള്ള വഴി കൂടിയാണ്. ഇക്കാരണങ്ങളാലാണ് മര്‍മ്മസ്ഥാനത്ത് തല്ലരുത് എന്ന് പറയുന്നത്. മര്‍മ്മസ്ഥാനത്ത് ആക്രമിക്കരുത് എന്നു പറയുമ്പോള്‍ എന്താണ് മര്‍മ്മസ്ഥാനം എന്നും നാം അറിഞ്ഞിരിക്കണം.  
 
മര്‍മ്മസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്നത്, വിട്ടു വിട്ടു സ്പന്ധിക്കുകയും അമര്‍ത്തുമ്പോള്‍ വേദനിക്കുകയും ചെയ്യുന്ന ശരീര ഭാഗങ്ങളെയാണ്. ഇത് പ്രധാനമായും ജീവന്റെ സ്ഥാനങ്ങളാണ്. അങ്ങനെ ജീവന്‍ തങ്ങുന്ന ഈ ജീവല്‍സ്ഥാനങ്ങൾ ആണ് മര്‍മ്മസ്ഥാനങ്ങൾ ആയി കരുതപ്പെടുന്നത്. ജീവന്റെ മര്‍മ്മം എന്നും പറയും, യഥാര്‍ത്ഥത്തിൽ രോഗത്തിനും രോഗവിമുക്തിക്കും കാരണമാകുന്ന സ്ഥാനങ്ങള്‍ ആണ്. പൊതുവെ സിദ്ധന്മാര്‍ ആണ് മര്‍മ്മചികിത്സ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഗുരുകുല സമ്പ്രദായപ്രകാരമാണ് ഈ വിദ്യ മറ്റുള്ളവരിൽ എത്തുന്നത്. ഉത്തമനായ ശിഷ്യന് മാത്രമേ ഗുരുക്കന്മാർ ഈ വിദ്യ നല്കിയിരുന്നുള്ളൂ.
 
ആയോധനകലയില്‍ പ്രധാനമായും പഠിപ്പിക്കുന്ന ഒന്നാണ് ഡെത്ത് ടച്ച് അഥവാ ഡിം മാക്. എന്നാല്‍, ഡെത്ത് ടച്ച് അഥവാ ഡിം മാക് എന്നു പറഞ്ഞാല്‍ എന്താണ്? നമ്മുടെ ശരീരത്തിലെ ചില ഭാഗങ്ങളില്‍ ഏല്ക്കുന്ന അടി അഥവാ ആക്രമണം ചിലപ്പോള്‍ മാരകമായ അനാരോഗ്യ അവസ്ഥയിലേക്കോ മരണത്തിലേക്കോ തന്നെ തള്ളിവിട്ടേക്കാം. ഇങ്ങനെ ശരീരത്തിലെ മര്‍മ്മസ്ഥാനങ്ങളില്‍ ഏല്‍ക്കുന്ന ആക്രമണത്തെയാണ് ഡെത്ത് ടച്ച് അഥവാ ഡിം മാക് എന്നു പറയുന്നത്.
 
ഡിം മാക് പോയിന്റുകളായി അറിയപ്പെടുന്ന ശരീരത്തിലെ മിക്ക ഭാഗങ്ങളും അക്യുപങ്‌ചര്‍ പോയിന്റുകള്‍ കൂടിയാണ്. ആയോധനകലയില്‍ ഏറ്റവും അപകടകാരി കൂടിയാണ് ഡിം മാക്. കാരണം, മനുഷ്യശരീരത്തില്‍ ഇത് ഗുരുതരമായ കേടുപാടുകള്‍ വരുത്തും എന്നത് തന്നെ. ഡിം മാക് പോയിന്റുകളില്‍ അഥവാ മര്‍മ്മസ്ഥാനങ്ങളില്‍ ആക്രമണം നടത്തിയാല്‍ അഥവ് ഡെത്ത് ടച്ച് നടന്നാല്‍ ബോധരഹിതമാകുകയോ, മരണം സംഭവിക്കുകയോ, പതിയെയുള്ള മരണത്തിന് കാരണമാകുകയോ ചെയ്യും.
 
ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടായാല്‍ ബോധം നഷ്‌ടമാകുന്ന നിരവധി കേസുകളുടെ വീഡിയോകള്‍ വരെ ലഭ്യമാണ്. വളരെ അപകടകരമായ അനന്തരഫലങ്ങളാണ് ഡെത്ത് ടച്ചിലൂടെ ഉണ്ടാകുക.
ബോധരഹിതമാകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഓക്‌സിജനില്‍ ഉണ്ടാകുന്ന കുറവ്, രക്തസമ്മര്‍ദ്ദത്തില്‍ പെട്ടെന്നുണ്ടാകുന്ന കുറവ്, തലച്ചോറിലുണ്ടാകുന്ന ചെറിയ പരുക്കുകള്‍ എന്നിവയാണ്. 
 
ശരീരത്തിലെ മര്‍മ്മങ്ങളെ നാലു വിഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. 
 
ശരീരത്തില്‍ ആകെ 108 മര്‍മ്മങ്ങളാണ് ഉള്ളത്. ഞരമ്പുസന്ധികളിലെ മര്‍മ്മങ്ങള്‍ തൊടുമര്‍മ്മം എന്നാണ് അറിയപ്പെടുന്നത്. ഇത് 96 എണ്ണമാണ്. ഇതില്‍ ഏല്‍ക്കുന്ന ആക്രമണങ്ങള്‍ മാരകമല്ലെങ്കിലും ശരീരചലനങ്ങളും പ്രവര്‍ത്തനവും അസാധ്യമാക്കാന്‍ ഇതിന് കഴിയും. പിന്നെയുള്ളത്, പടുമര്‍മ്മം. 12 മര്‍മ്മങ്ങള്‍, ഇത് മാരകമാണ്. പെട്ടെന്നു തന്നെ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മര്‍മ്മങ്ങളാണിവ. ഈ 108 മര്‍മ്മങ്ങള്‍ കൂടാതെ, തട്ടു മര്‍മം എന്നും നോക്കു മര്‍മ്മം എന്നു രണ്ടെണ്ണമുണ്ട്. തട്ടുമര്‍മ്മം എന്നു പറയുന്നത് ഗുരു ശിഷ്യനിലേക്ക് പകര്‍ന്നു കൊടുക്കുന്ന രഹസ്യ മര്‍മ്മങ്ങള്‍. എന്നാല്‍, നോക്കു മര്‍മ്മം എന്നറിയപ്പെടുന്നത് ഒരു മര്‍മ്മത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ എതിരാളിയെ നേരിടുന്ന മാര്‍ഗത്തിനാണ്.
 
പൊക്കിള്‍ മുതല്‍ കൈ വരെയുള്ള ഭാഗങ്ങളില്‍ ഒമ്പത് മര്‍മ്മസ്ഥാനങ്ങളാണ് ഉള്ളത്. തലയിലും കഴുത്തിലുമായി 25 മര്‍മ്മസ്ഥാനങ്ങളാണ് ഉള്ളത്. കഴുത്തുമുതല്‍ പൊക്കിള്‍ വരെ 45 മര്‍മ്മസ്ഥാനങ്ങളാണ് ഉള്ളത്. കൈകളില്‍ 14ഉം, കാലുകളില്‍ 15ഉം മര്‍മ്മസ്ഥനങ്ങളാണ് ഉള്ളത്. ജീവന്‍, അല്ലെങ്കില്‍ ശ്വാസം അല്ലെങ്കില്‍ പ്രാണവായു തങ്ങി നിൽക്കുന്ന ഇടങ്ങളാണ് മര്‍മ്മങ്ങള്‍. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുറിവോ ക്ഷതമോ കൊണ്ട് ശരീരത്തിന് വിഷമതകളോ ജീവഹാനിയോ സംഭവിക്കുകയോ ചെയ്യുന്ന സ്ഥാനങ്ങളാണ് മര്‍മ്മങ്ങള്‍. അതുകൊണ്ട്, മര്‍മ്മസ്ഥനത്ത് ആക്രമണം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

വെബ്ദുനിയ വായിക്കുക