ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് വിവാഹം. സാധാരണയായി രണ്ടുതരത്തിലാണ് വിവാഹങ്ങള്‍ നടക്കാറുള്ളത്. ജീവിതപങ്കാളിയെ സ്വന്തമായി കണ്ടെത്തുന്ന പ്രണയവിവാഹങ്ങളാണ് ഇതില്‍ ആദ്യത്തേത്. രണ്ടാമത്തേതാകട്ടെ മാതാപിതാക്കള്‍ ആലോചിച്ച് ഉറപ്പിച്ച് നിശ്ചയിക്കുന്ന അറേഞ്ച്ഡ് മാര്യേജുമാണ്. പാകപ്പിഴകളില്ലാത്ത വിവാഹജീവിതത്തിനായി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പൊരുത്തപ്പെടാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ ആ വിവാഹത്തില്‍നിന്ന് പിന്മാറുകയും വേണം. അത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഏന്തൊക്കെയാണെന്ന് നോക്കാം.
വിവാഹശേഷം ഒരു കാരണവശാലും വ്യക്തിത്വം പണയംവെക്കരുത്. വിവാഹശേഷവും എങ്ങനെ ജീവിക്കണം, സുഹൃത്തുക്കള്‍ക്കൊപ്പം എത്രസമയം ചെലവഴിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പങ്കാളിയല്ല തീരുമാനിക്കേണ്ടത്. അത്തരത്തില്‍ ഒരാളുടെ വ്യക്തിത്വം തകര്‍ക്കുന്ന രീതിയിലാണ് പങ്കാളിയുടെ ഇടപെടലെങ്കില്‍ അത്തരം വിവാഹത്തിലേക്ക് കടക്കാതിരിക്കുകയാകും നല്ലത്. വിവാഹത്തിന് മുമ്പ്തന്നെ ഇക്കാര്യങ്ങളിലെല്ലാം കൃത്യത വരുത്തണം. പങ്കാളിയാകാന്‍ പോകുന്നവര്‍ക്ക് അത്തരം കാര്യങ്ങളില്‍ വിയോജിപ്പുണ്ടെങ്കില്‍ ആ വിവാഹം വേണ്ടെന്നുവെക്കുന്നതായിരിക്കും ഉചിതം.
വിവാഹം അറേഞ്ച്ഡ് ആയാലും പ്രണയ വിവാഹമായാലും പങ്കാളികള്‍ തമ്മില്‍ പൊരുത്തമുണ്ടായിരിക്കണം. പ്രതിശ്രുത വരനും പ്രതിശ്രുത വധുവിനും തമ്മില്‍ പല പല കാര്യങ്ങളിലും വിയോജിപ്പുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ വിവാഹത്തിന് മുമ്പ് ഇത്തരം വിയോജിപ്പുകള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അതിന് സാധിക്കുന്നില്ലെങ്കില്‍ അത്തരത്തിലുള്ള വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള തീരുമാനം എടുക്കുന്നതായിരിക്കും രണ്ടുപേര്‍ക്കും നല്ലത്.
ഭാര്യയാണോ മാതാപിതാക്കളാണോ വലുതെന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം കണ്ടെത്തിയ ശേഷമായിരിക്കണം വിവാഹത്തിലേക്ക് കടക്കേണ്ടത്. വിവാഹബന്ധത്തില്‍ താളപ്പിഴകള്‍ ഉണ്ടാക്കുന്ന ഒരു പ്രധാന വിഷയമാണ് ഇത്. ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും അവരുടേതായ പരിഗണനകളാണ് നല്‍കേണ്ടത്. ഭാവിജീവിതം ഭാര്യയുടെകൂടെയാണ് ജീവിക്കേണ്ടത്. അതോടൊപ്പം തന്നെ വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും മറക്കാനും പാടില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാതെ വിവാഹിതരാകരുത്.
വിവാഹത്തേക്കാളോ ജീവിതപങ്കാളിയേക്കാളോ വലുത് തങ്ങളുടെ ജോലിയും കരിയറുമാണെങ്കില്‍, ആ ദാമ്പത്യം എക്കാലത്തും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരിക്കും. കരിയറും ജോലിയും വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നിരുന്നാലും അതോടൊപ്പം ദാമ്പത്യബന്ധവും നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കണം. തങ്ങളുടെ ജോലിക്കുവേണ്ടി കുടുംബം നോക്കാന്‍ തീരെ സമയം ലഭിക്കാത്ത ആളുകളാണെങ്കില്‍ വിവാഹം കഴിക്കാതിരിക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.