പ്രമേഹ രോഗികള്‍ കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും ഒഴിവാക്കുന്ന ഭക്ഷണ പദാര്‍ത്ഥമാണ് ചോറ്. നല്ല കറികളെല്ലാം കൂട്ടി ചോറ് കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും പ്രമേഹം കൂടുമോ എന്ന പേടിയാണ് പലര്‍ക്കും. ചിലരാകട്ടെ ഒന്നിലേറെ തവണ തിളപ്പിച്ചുവാര്‍ത്ത് ചോറ് കഴിക്കും. അങ്ങനെ ചെയ്താല്‍ പ്രമേഹം കൂടില്ലെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
യഥാര്‍ഥത്തില്‍ ഒന്നിലേറെ തവണ തിളപ്പിച്ചുവാര്‍ത്താല്‍ ചോറിലെ കാര്‍ബോ ഹൈഡ്രേറ്റ് കുറയും എന്നത് ശരിയാണ്. അതുകൊണ്ട് ഒന്നിലേറെ തവണ തിളപ്പിച്ചുവാര്‍ത്ത ചോറ് പ്രമേഹ രോഗിക്ക് നല്ലതാണെന്ന് പറയുന്നത്. പക്ഷേ ഇങ്ങനെ ചെയ്യുമ്പോള്‍ അരിയിലുള്ള പോഷകങ്ങള്‍ നഷ്ടമാകുന്നു. ഒന്നിലേറെ തവണ തിളപ്പിച്ചുവാര്‍ത്ത ചോറ് തന്നെ പ്രമേഹരോഗി കഴിക്കണമെന്നില്ല. മറിച്ച് കഴിക്കുന്ന ചോറിന്റെ അളവ് കുറച്ചാല്‍ മതി. അതായത് ദിവസത്തില്‍ ഒരു നേരം മിതമായ രീതിയില്‍ ചോറ് കഴിക്കാം. മാത്രമല്ല പോളിഷ് ചെയ്യാത്ത അരി ചോറിനായി തിരഞ്ഞെടുക്കുകയും വേണം.
പ്രമേഹ രോഗികള്‍ ശീലിച്ചിട്ടുള്ള മറ്റൊരു ഭക്ഷണരീതിയാണ് ചോറിന് പകരം ചപ്പാത്തി കഴിക്കുന്നത്. അരിയിലും ഗോതമ്പിലും ഉള്ള അന്നജത്തിന്റെ അളവ് ഏകദേശം ഒരുപോലെയാണ്. പക്ഷേ ഗോതമ്പില്‍ അരിയേക്കാള്‍ ഫൈബര്‍ കൂടുതലാണ്. അതുകൊണ്ട് ചപ്പാത്തി സാവധാനമേ ദഹിക്കൂ. വേഗം വയറു നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാകുകയും ചെയ്യുന്നു. അതിനാലാണ് പ്രമേഹ രോഗികള്‍ക്ക് ഗോതമ്പ് പ്രിയപ്പെട്ടതാകുന്നത്. എന്നാല്‍ പ്രമേഹ രോഗികള്‍ ചപ്പാത്തി മാത്രമേ കഴിക്കാവൂ എന്നില്ല. നല്ല തവിടുള്ള അരിക്കും ചപ്പാത്തിയുടെ സമാന ഗുണം ഉണ്ട്. ഏതു ധാന്യമായാലും അളവ് കുറച്ച് കഴിക്കുകയാണ് പ്രധാനപ്പെട്ട കാര്യം.