വയറുനിറച്ച് ചോറുണ്ണന്നതിനു മുന്‍പ് ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

വെള്ളി, 27 ഒക്‌ടോബര്‍ 2023 (10:50 IST)
മലയാളികളുടെ ഇഷ്ടഭക്ഷണമാണ് ചോറ്. വിവിധതരം കറികളും ചേര്‍ത്ത് വയറുനിറച്ച് ചോറുണ്ണുന്നത് നമ്മുടെ പതിവാണ്. എന്നാല്‍, ചോറ് അമിതമായാല്‍ പതിയിരിക്കുന്നത് വലിയ അപകടങ്ങളാണ് ! ഒരു ദിവസം കഴിക്കേണ്ട ചോറിന് കൃത്യമായ അളവ് വച്ചില്ലെങ്കില്‍ നിരവധി ജീവിതശൈലി രോഗങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. മൂന്ന് നേരവും ചോറ് കഴിക്കുന്നത് ആരോഗ്യത്തിനു ദോഷമാണ്. 
 
ചോറ് വയറ്റിനുള്ളില്‍ ചെന്ന് ദഹിക്കുമ്പോള്‍ ഗ്ലൂക്കോസ് ആയിട്ടാണ് മാറുന്നത്. ഈ ഗ്ലൂക്കോസ് രക്തത്തിലേയ്ക്ക് കടക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര ഉയരുമ്പോള്‍ അതിനെ നിയന്ത്രിക്കുവാന്‍ പാന്‍ക്രിയാസിലെ ബീറ്റകോശങ്ങളില്‍ നിന്ന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നു. ചോറ് അമിതമായി കഴിക്കുമ്പോള്‍ ബീറ്റകോശങ്ങള്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം കൂട്ടേണ്ടിവരും. ബീറ്റകോശങ്ങള്‍ അധികജോലി ചെയ്യേണ്ടിവരുമ്പോള്‍ ക്ഷീണിക്കും. അപ്പോള്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം കുറയുകയും അത് പ്രമേഹത്തിനു കാരണമാകുകയും ചെയ്യും. പ്രമേഹ രോഗികളോട് ചോറ് കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് പറയാന്‍ കാരണം ഇതാണ്. 
 
ചോറ് അമിത വണ്ണത്തിനും കാരണമാകുന്നു. ചോറ് ദഹിച്ച് ഗ്ലൂക്കോസായാണ് മാറുക. ഈ ഗ്ലൂക്കോസ് ശരീരം ഊര്‍ജ്ജാവശ്യത്തിനു ഉപയോഗിക്കും. ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ഊര്‍ജ്ജം ചിലവാകുന്ന പ്രവര്‍ത്തികള്‍ കുറവായതിനാല്‍ ഗ്ലൂക്കോസ് (കാലറി) കൊഴുപ്പായി മാറ്റി ശരീരത്തില്‍ സൂക്ഷിക്കപ്പെടുന്നു. ഇത് അമിതവണ്ണത്തിനും പ്രമേഹം, ഹൃദ്രോഗങ്ങള്‍, സ്ട്രോക്ക് എന്നിവയ്ക്കും ഒക്കെ കാരണമാവുകയും ചെയ്യുന്നു. ചോറ് കഴിക്കുന്നവര്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമുള്ള കായിക വിനോദങ്ങളിലും വ്യായാമങ്ങളിലും ഏര്‍പ്പെടുന്നത് നല്ലതാണ്. ചോറ് അമിതമായാല്‍ മെറ്റാബോളിക് സിന്‍ഡ്രോമിനുള്ള റിസ്‌ക് സാധ്യത കൂടുതലാണ്. അമിതമായ ചോറ് തീറ്റയാണ് പലരിലും കുടവയറിന് കാരണമാകുന്നത്. 
 
ദിവസത്തില്‍ മൂന്ന് നേരം ചോറുണ്ണുന്നവര്‍ അത് നിയന്ത്രിക്കണം. രണ്ട് നേരം ചോറുണ്ണുന്നത് പോലും ആരോഗ്യത്തിനു നല്ലതല്ല. ഉച്ചയ്ക്ക് മാത്രം ചോറുണ്ണുന്നതാണ് നല്ല രീതി. രാവിലെയും രാത്രിയും ചോറ് ഒഴിവാക്കുക. അത് ആരോഗ്യത്തിനു ഗുണം മാത്രമേ ചെയ്യൂ. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍