ശരീരത്തില്‍ ആവശ്യമുള്ള ജലത്തിന്റെ അളവിലെ ചെറിയ കുറവുപോലും സമ്മര്‍ദ്ദ ഹോര്‍മോണിന്റെ അളവുകൂട്ടുമെന്ന് പുതിയ പഠനം. ജേണല്‍ ഓഫ് അപ്ലൈഡ് ഫിസിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ പ്രതിദിനം 1.5 ലിറ്ററില്‍ താഴെ വെള്ളം കുടിക്കുന്നവരില്‍ സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് ഗണ്യമായി ഉയര്‍ന്നതായി കണ്ടെത്തി. നേരിയ നിര്‍ജ്ജലീകരണം പോലും സമ്മര്‍ദ്ദ പ്രതികരണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പഠനത്തില്‍ സൂചിപ്പിക്കുന്നു.
ആരോഗ്യമുള്ള ചെറുപ്പക്കാരെ അവരുടെ പതിവ് ദ്രാവക ഉപഭോഗത്തെ അടിസ്ഥാനമാക്കി രണ്ട് ഗ്രൂപ്പുകളായി വിഭജിച്ചാണ് പഠനം നടത്തിയത്. ഒരു ഗ്രൂപ്പ് പ്രതിദിനം 1.5 ലിറ്ററില്‍ താഴെ വെള്ളം കുടിക്കുന്നു. മറ്റേ ഗ്രൂപ്പ് സ്ത്രീകള്‍ക്ക് ഏകദേശം രണ്ട് ലിറ്ററും പുരുഷന്മാര്‍ക്ക് 2.5 ലിറ്ററും എന്ന രീതിയില്‍ വെള്ളം കുടിച്ചു. പിന്നാലെ ഇവരെ ഒരു ലബോറട്ടറി സമ്മര്‍ദ്ദ പരിശോധനക്ക് വിധേയമാക്കി.
വെള്ളംകുടി കുറവുള്ള ഗ്രൂപ്പില്‍ കൂടുതല്‍ പ്രകടമായ കോര്‍ട്ടിസോള്‍ വര്‍ദ്ധനവ് കണ്ടെത്തി. കോര്‍ട്ടിസോളിന്റെ സ്ഥിരമായ വര്‍ദ്ധനവ് ഹൃദ്രോഗം, വൃക്ക പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദാഹം എല്ലായ്‌പ്പോഴും വെള്ളത്തിന്റെ ആവശ്യകതയുടെ വിശ്വസനീയമായ സൂചകമല്ലെന്ന് പഠനം പറയുന്നു.