ദിനചര്യയിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് പല്ല് തേപ്പ്. വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ ഇതിന് വളരെ വലിയ പങ്കാണുള്ളത്. പല്ലുകൾക്കിടയിൽ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ അംശങ്ങളും മോണയോടു ചേർന്ന് അടിഞ്ഞുകൂടുന്ന പ്ലാക്ക് എന്ന ബാക്ടീരിയ അടങ്ങിയ പാടയും മുഴുവനായും നീക്കം ചെയ്യുന്ന തരത്തിലായിരിക്കണം പല്ല് തേപ്പ്. സോഫ്റ്റ്, മീഡിയം, ഹാർഡ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് ബ്രഷ് ഉള്ളത്. പല്ലുകൾക്കനുസരിച്ചുള്ള ബ്രഷ് തിരഞ്ഞെടുക്കണം.
മറ്റുള്ളവരുമായി ഒരാളുടെ ടൂത്ത് ബ്രഷ് പങ്കുവയ്ക്കരുത്. ഓരോ ഉപയോഗത്തിനുശേഷവും ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ ബ്രഷ് കഴുകി, കുടഞ്ഞ് ഉണങ്ങാൻ വയ്ക്കണം. ബ്രഷിലെ നാരുകൾ ഒടിഞ്ഞതും തേഞ്ഞതുമായ അവസ്ഥ എത്തുന്നതിനു മുമ്പ് ബ്രഷ് മാറി ഉപയോഗിക്കണം. ഒന്നര മാസം മുതൽ നാലുമാസം വരെ മാത്രമേ ഒരു ബ്രഷ് ഈടുനിൽക്കൂ. നാക്ക് വൃത്തിയാക്കിയതിനുശേഷമേ ഭക്ഷണം കഴിക്കാവൂ. ദിവസത്തിൽ ഒരു തവണ ചെയ്താൽ മതിയാകും.
ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം ആണോ പല്ല് തേയ്ക്കുന്നത്? എങ്കിൽ പല്ല് വേഗം കേടാകും. ദിവസവും രണ്ടുതവണ രണ്ട് മിനിറ്റ് ബ്രഷ് ചെയ്യുക. ആൻറി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് കഴുകുക. ഉമിനീർ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും വായ വരണ്ടത് തടയുന്നതിനും പകൽ സമയത്ത് പഞ്ചസാരയില്ലാത്ത ച്യൂയിംഗ് ഗം ചവയ്ക്കുക. ആറുമാസത്തിലൊരിക്കലെങ്കിലും ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കുക.