നിലക്കടല ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കം പേരേ ഉണ്ടാകൂ. ചുമ്മാ ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം നിലക്കടല കൊറിക്കാൻ നല്ല രസമാണ്. എന്നാൽ കൊളസ്‌ട്രോൾ, പ്രമേഹം പോലുള്ള രോഗങ്ങൾ ഉണ്ടായേക്കാമെന്ന് ഭയന്ന് ഈ നിലക്കടല വേണ്ടെൻ വയ്‌ക്കുന്നവരുമുണ്ട്. എന്നാൽ അറിഞ്ഞോളൂ കൊളസ്‌ട്രോൾ കുറയ്‌ക്കാൻ നിലക്കടല സഹായിക്കുമെത്രേ.
പോർട്ട് ഫോളിയോ ഡയറ്റിനെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തൽ. നിലക്കടല, വെള്ളക്കടല, ആപ്പിൾ എന്നിവ കഴിക്കുന്നത് കൊളസ്ട്രോൾ കുറച്ച് രക്തസമ്മർദം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സസ്യങ്ങളെ അടിസ്ഥാനമാക്കിയ ഭക്ഷണരീതി ഹൃദയാരോഗ്യമേകുമെന്നും പഠനം പറയുന്നു.
നിലക്കടലയും ചെടികളിലെ പ്രോട്ടീനുകളും കൂടുതലടങ്ങിയ ഈ ഡയറ്റ് പിന്തുടർന്നവരിൽ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ 17 ശതമാനം കുറഞ്ഞെന്ന് ഈ പഠനം പറയുന്നു. ചെടികളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ ഫൈബർ, നട്സ്, പ്ലാന്റ് സ്റ്റെറോളുകള്‍ (മുളപ്പിച്ച ഗോതമ്പ്, ഗോതമ്പിന്റെ തവിട്, നിലക്കടല, സസ്യഎണ്ണകൾ, ബദാം ഇവയെല്ലാം പ്ലാന്റ് സ്റ്റെറോളുകൾ അടങ്ങിയ ഭക്ഷണമാണ്) എന്നിവയടങ്ങിയ ഡയറ്റ് ശീലമാക്കിയാൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയും.