നാഡീവ്യവസ്‌ഥ ക്രമമായി ക്ഷയിച്ചു വരുന്ന ഒരു രോഗാവസ്ഥയാണ് പാർക്കിൻസൺസ്. ആരംഭഘട്ടത്തില്‍ രോഗിയുടെ ചലനങ്ങളെയാണ് ഈ രോഗം ബാധിക്കുക. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും വിറയല്‍ അനുഭവപ്പെടും. അതോടൊപ്പം മസിലുകളെല്ലാം ദുർബലമാകുകയും ചെറിയ ചലനങ്ങൾപ്പോലും അസാധ്യമാവുകയും ചെയ്യുന്നു. തുടക്കസമയത്ത് പാർക്കിൻസൺസ് രോഗം തിരിച്ചറിയുക എന്നത് അസാധ്യമാണ്.
കാഴ്ചക്കാര്‍ക്ക് ദൈന്യത തോന്നുമെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് പുറമെ മാനസികമായും രോഗികള്‍ക്ക് മാറ്റം ഉണ്ടാവുന്നുണ്ടെന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ചിന്തയിലും പെരുമാറ്റത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും രോഗി അസാധാരണമായി പെരുമാറാറുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്കും ഇത് വലിയ പ്രശ്നമായിരിക്കുമെന്നും അവര്‍ പറയുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് രോഗികള്‍ക്ക് മാനസികമായുണ്ടാകുന്ന മാറ്റത്തെ കുറിച്ച് വലിയ പിടിപാടൊന്നുമില്ലെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വെളിപ്പെടുന്നത്. മാനസികമായുണ്ടാകുന്ന മാറ്റം രോഗികളെ വീട്ടില്‍ നിന്ന് മാറ്റി ആശുപത്രിയിലേക്കോ മറ്റോ ആക്കാന്‍ വീട്ടുകാരെ നിര്‍ബന്ധിതമാക്കുന്നു. സാധാരണയായി 50 വയസിനു മുകളിലുള്ളവരാണ് കൂടുതലായും പാർക്കിൻസൺസ് രോഗത്തിന്റെ ഇരകള്‍.
നിലവില്‍, മാനസികമായുണ്ടാകുന്ന മാറ്റം ചികിത്സിക്കാന്‍ അംഗീകൃതമായ മരുന്നുകളൊന്നുമില്ല. എങ്കില്‍ തന്നെയും മാനസികമായ രോഗങ്ങള്‍ക്ക് നല്‍കുന്ന ചില മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇതിനാവട്ടെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഏകദേശം പത്ത് ലക്ഷത്തിലധികം പാർക്കിൻസൺസ് രോഗ ബാധിതർ അമേരിക്കയില്‍ മാത്രമായി ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.