കോമ - ഭയാനകമായ അവസ്ഥ; എല്ലാം തിരിച്ചറിയുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട് പക്ഷേ...

ചൊവ്വ, 26 ജൂലൈ 2016 (17:04 IST)
ജീവിതവുമല്ല മരണവുമല്ല, ഇതിന്റെ നടുവിലുള്ള ഭയാനകമായ അവസ്ഥയാണ് കോമ. പ്രീയപ്പെട്ട ഒരാളെ കോമയിൽ കാണുക എന്നത് വിനാശകരമായ നിമിഷമാണ്. ശരിക്കും നിസഹായമായ അവസ്ഥ. കോമയിൽ കിടക്കുന്ന വ്യക്തിക്ക് (രോഗി) ചുറ്റുപാടും നടക്കുന്നത് അറിയാൻ കഴിയില്ലെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ കോമയിൽ കഴിയുന്നവർക്ക് മറ്റുള്ളവർ പറയുന്നത് തിരിച്ചറിയാൻ കഴിയും, മനസ്സിലാക്കാൻ കഴിയും. അതിനുദാഹരണമാണ് അവരുടെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീർ എന്നാണ് പഠനങ്ങൾ പറയുന്നത്.
 
പരിചിതമായവരുടെ ശബ്ദവും സാമീപ്യവും കോമ രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് ഫീൻബെർഗ് സ്കൂളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. അവരുടെ ബോധത്തെ തിരിച്ച് പിടിക്കാൻ കഴിയുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. 
 
പ്രീയപ്പെട്ട ഒരാൾ കോമയിൽ ആയിരിക്കുമ്പോൾ കുടുംബം നിസ്സഹായ അവസ്ഥയിൽ ആയിരിക്കും. ചിലർക്ക് അവരുടെ സമനിലയെ കൺട്രോൾ ചെയ്യാനും കഴിയാതെ വരും. അവർക്ക് അത് കഠിനമായ വേദനയാണ് സമ്മാനിക്കുക. രോഗികളുടെ അടുത്തിരുന്ന് സംസാരിക്കുക, എല്ലാ കാര്യങ്ങളും അവരുമായി ഷെയർ ചെയ്യുക ഇതാണ് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ പരിഗണന. കോമ എന്നത് ഒരു അസുഖം മാത്രമല്ല അതൊരു അവസ്ഥ കൂടിയാണ്. രോഗിയെ ചുറ്റി നിൽക്കുന്നവരുടെ ദയനീയമായ അവസ്ഥ. 
 
അവർക്കെല്ലാം കേൾക്കാൻ കഴിയും, ചിലതെല്ലാം മനസ്സിലാക്കാനും. കേ‌ൾക്കാനോ മനസ്സിലാക്കാനോ കഴിവില്ലെന്ന് കരുതി ചിലർ വളരെ വിഷമകരമായ വാക്കുക‌ൾ രോഗിയുടെ സാന്നിധ്യത്തിൽ സംസാരിക്കുമ്പോൾ അത് അവരെ എത്രത്തോളം ബാധിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. ആ മുറിവ് ആഴത്തിൽ മനസ്സിൽ പതിഞ്ഞ് കിടക്കുക തന്നെ ചെയ്യും. അതുകൊണ്ടാണ് അവർക്ക് എപ്പോഴും സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം സംസാരിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നത്. 
 
അതേസമയം, സംസാരിക്കുന്നത് കേൾക്കാനും മനസ്സിലാക്കാനും കഴിയുമെങ്കിലും അത് ഓർമയിൽ സൂക്ഷിക്കാൻ കഴിയില്ലെന്നും പ്രമുഖ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഉറക്കം എങ്ങനെയാണ് അതുപോലെ തന്നെയാണ് കോമ സ്റ്റേജുമെന്നാണ് ഇവരുടെ അഭിപ്രായം. ഉറക്കത്തിൽ സ്വപ്നം കാണുന്നു, ഉണർന്നെഴുന്നേൽക്കുമ്പോൾ അത് ഓർമയിൽ ഉണ്ടാകില്ല. അതേ പോലെ സംസാരിക്കുന്നത് കേൾക്കാം, മനസ്സിലാക്കാം എന്നാൽ ഓർമയിൽ നിൽക്കില്ല എന്നാണ് ഇവർ വാദിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക