നിങ്ങള്‍ക്ക് രണ്ടാഴ്ചയില്‍ കൂടുതല്‍ കഫക്കെട്ട് ഉണ്ടോ? വേഗം ഡോക്ടറെ കാണൂ

വെള്ളി, 13 ഒക്‌ടോബര്‍ 2023 (09:29 IST)
പ്രായഭേദമന്യേ എല്ലാവരിലും കാണപ്പെടുന്ന ആരോഗ്യ പ്രശ്‌നമാണ് കഫക്കെട്ട്. നെഞ്ചില്‍ കെട്ടി കിടക്കുന്ന കഫം ചുമച്ച് പുറത്തേക്ക് വരുന്നത് നല്ല കാര്യമാണ്. കഫം കെട്ടി നില്‍ക്കാതെ പുറത്തേക്ക് പോകേണ്ടത് ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ ശക്തമായ കഫക്കെട്ട് അനുഭവപ്പെടുകയും കഫം പുറത്തേക്ക് വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെ പേടിക്കണം. ഇത് കാലക്രമേണ ഗുരുതരമായ അണുബാധയിലേക്ക് നയിക്കും. കഫം കെട്ടി നിന്ന് നെഞ്ചില്‍ ബാക്ടീരിയ പെരുകാന്‍ കാരണമാകും. 
 
കഫക്കെട്ടും ചുമയും രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നത് അതീവ ഗുരുതരാവസ്ഥയിലേക്ക് നയിക്കും. സാധാരണ കഫക്കെട്ടാണെങ്കില്‍ കൃത്യമായി മരുന്ന് കഴിച്ചാല്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ കുറയേണ്ടതാണ്. കഫക്കെട്ട് നീണ്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ നല്ലൊരു ഫിസിഷ്യനെ കാണുകയും വിവിധ ടെസ്റ്റുകള്‍ നടത്തുകയും വേണം. കഫത്തിന്റെ നിറം മഞ്ഞയോ പച്ചയോ കറുപ്പോ ചുവപ്പോ ആണെങ്കിലും നിര്‍ബന്ധമായും ഡോക്ടറെ കാണുക. 
 


കഫക്കെട്ട് ഉള്ള സമയത്ത് ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെടും. ഈ അവസ്ഥ അത്ര നല്ലതല്ല, ഉടന്‍ ഡോക്ടറെ കാണണം. കഫക്കെട്ടിനൊപ്പം പനിയും നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ശരീരത്തില്‍ അണുബാധയുള്ളതിന്റെ ലക്ഷണമാകും. കഫം കെട്ടിനിന്ന് ബാക്ടീരിയ പെരുകുന്നതാണ് ന്യുമോണിയ, ട്യൂബര്‍കുലോസിസ്, ശ്വാസകോശ അര്‍ബുദം എന്നിവയിലേക്ക് നയിക്കുന്നത്. അതായത് ചെറിയൊരു അസുഖമാണെന്ന് കരുതി ഒരിക്കലും കഫക്കെട്ടിനെ നിസാരമായി കാണരുത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍