ഒരു ദിവസം ശുഭമാക്കാന്‍ എന്തെല്ലാം ചെയ്യണം ? അറിയാം ചില കാര്യങ്ങള്‍ !
വെള്ളി, 21 ഏപ്രില്‍ 2017 (10:06 IST)
ഉണര്‍ന്നെണീക്കുന്ന വേളയില്‍ മനസ്സില്‍ ഉയരുന്ന മധുര സംഗീതങ്ങളും നല്ല വിചാരങ്ങളും ശുഭപ്രതീക്ഷകളും എന്തിന് ആസ്വദിച്ചു കുടിക്കുന്ന ഒരു കോഫി പോലും നമുക്ക് ഒരു നല്ല ഫീല്‍ തരുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു നല്ല ദിനം ആരംഭിക്കാന്‍ ഇതൊക്കെതന്നെ ധാരാളമാണ്.....ഈ നല്ല ഫീല്‍ ദിവസം മുഴുവന്‍ നിലനിര്‍ത്താന്‍ സാധിച്ചാല്‍ എത്ര രസകരം ആയിരിക്കുമെന്ന കാര്യം ഒന്ന് ആലോചിച്ഛു നോക്കൂ... ദിവസം മുഴുവനും ഒരു നല്ല ഫീല്‍ നിലനിര്‍ത്തണമെങ്കില്‍ നമ്മള്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടെതെന്ന് നോക്കാം.
നല്ല ഉറക്കം ലഭിക്കുന്നത് നമ്മുടെ ശരീര പോഷണത്തെ മാത്രമല്ല ആ ദിവസത്തെ തന്നെ നല്ലതാക്കി മാറ്റും. 6.30ന് അലാറം വെക്കുന്നതെങ്കില്‍ തീര്‍ച്ചയായും ആ സമയത്തുതന്നെ എണീക്കുക. അല്ലാതെ അലാറം സ്നൂസ് ചെയ്ത് കുറച്ചുകഴിഞ്ഞ ശേഷം എണീക്കുന്ന സ്വഭാവം മാറ്റണം. ശരിയായി ചിന്തിക്കുന്നതിനും പ്രശ്നങ്ങള്‍ സോള്‍വ് ചെയ്യുന്നതിനും തലച്ചോറിന് റസ്റ്റ് കൊടുക്കുവാനും വിശപ്പ് സഹിക്കുവാനും എന്തിനേറെ ബ്ലഡ് ഷുഗര്‍ കുറയ്ക്കുവാനും നല്ല ഉറക്കം സഹായിക്കും. കൃത്യമായ ഉറക്കം നിങ്ങളുടെ ആ ദിനത്തെ ഉന്മേഷ പൂരിതമാക്കുകയും ചെയ്യും.
ജോലിയെല്ലാം കഴിഞ്ഞ ശേഷം ജിമ്മിലോ മറ്റോ പോകുന്നതിനു പകരം രാവിലെ ഒന്ന് ഓടാനോ നടക്കാനോ പോവുക. അത് ആ ദിവസത്തെ ഉന്മേഷമാക്കി തീര്‍ക്കും. രാവിലത്തെ സൂര്യപ്രകാശം നമ്മുടെ ശരീരത്തില്‍ പതിക്കുന്നതിലൂടെ വൈറ്റമിന്‍ ഡി വര്‍ധിപ്പിക്കുകയും ചെയ്യും. ഒരു കാരണവശാലും പ്രാതല്‍ ഉപേക്ഷിക്കരുത്. രാവിലെ മസാല ഒമ്ലെട്ടോ ഓട്സ് ഉപ്പുമാവോ ഇഡ്ലിയോ ദോശയോ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അതുപോലെ കൂടുതല്‍ പ്രോട്ടീന്‍ നല്‍കുന്നതും കൂടുതല്‍ കലോറി നല്‍കുന്നതുമായ ഭക്ഷണം കഴിക്കുന്നതും ഉചിതമാണ്.
പ്രാതലിനും ലഞ്ചിനും ഇടയിലുള്ള സ്നാക്സ് കഴിക്കല്‍ അത്ര ഗുണകരമായ ഏര്‍പ്പാടല്ല. എന്തെന്നാല്‍ അതിനു മാത്രം സമയം പ്രാതലിനും ലഞ്ചിനും ഇടയിലില്ലെന്നതാണ് സത്യം. ലഞ്ച് സമയത്തോട് അടുക്കുന്നതോടെ ആ സമയത്ത് നിങ്ങള്‍ ചെയ്യുന്ന പരിപാടികള്‍ നിര്‍ത്തി വെച്ച് ഉച്ചക്ക് കഴിക്കാന്‍ പോകുന്ന ഭക്ഷണത്തെക്കുറിച്ച് അല്പം ചിന്തിക്കുക. അത് നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നതിന് പകരം ആസ്വദിച്ചു കൊണ്ട് ചവച്ചരച്ച് കഴിക്കുക.
ക്ഷീണമോ അല്‍പം തലവേദനയോ ഉള്ള അവസ്ഥയിലാണ് നിങ്ങളെങ്കില്‍ ഉച്ചയ്ക്കു ശേഷം നിങ്ങള്‍ക്ക് നിര്‍ജലീകരണം സംഭവിച്ചേക്കും. അത് കൊണ്ട് ഒരു ബോട്ടില്‍ വെള്ളം നിങ്ങളുടെ അടുത്ത് തന്നെ വെക്കുകയും ഇടയ്ക്കിടെ അത് കുടിക്കുകയും വേണം. ഒരു കോഫി കുടിക്കുന്നത് ഉച്ചയ്ക്ക് ശേഷം നിങ്ങളുടെ ജോലി സുഗമമാക്കാന്‍ സഹായകമാകും. വീട്ടില്‍ വെച്ച് തന്നെ നല്ല പോഷക സമ്പുഷ്ടമായ ഒരു രാത്രി ഭക്ഷണം ഉണ്ടാക്കുന്നത് നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഡിന്നറിന് വേണ്ടി ഇരുന്നാല്‍ സമയമെടുത്ത് ആസ്വദിച്ചു കൊണ്ട് മാത്രം അത് കഴിക്കുക. ഡിന്നറിന് ശേഷം പാത്രങ്ങള്‍ കഴുകി അടുക്കളയില്‍ തന്നെ അല്‍പ സമയം ചിലവഴിക്കുന്നതും നല്ലതാണ്. അതുമല്ലെങ്കില്‍ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു നടന്നു കൊണ്ട് സംസാരിക്കുന്നതും നല്ലതാണ്. രാത്രി ഡിന്നറിന് ശേഷം ഉടനെ തന്നെ പല്ല് ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്. രാത്രിയുടെ അവസാനം ബെഡില്‍ എത്തുമ്പോള്‍ കുറച്ചു സമയം നാളെ ചെയ്യേണ്ട നല്ല കാര്യങ്ങളെ കുറിച്ചും ആലോചിക്കുന്നതും അതിന്ശേഷം ഉറങ്ങുകയും ചെയ്യുക.