വര്‍ക്കല പ്രകൃതിചികിത്സാ ആശുപത്രിയിലെ സൌകര്യങ്ങള്‍ കൂട്ടും : മന്ത്രി
തിങ്കള്‍, 29 ഏപ്രില്‍ 2013 (16:44 IST)
PRO
സംസ്ഥാനത്തെ കിടത്തിച്ചികിത്സാ സൌകര്യമുള്ള ഏക ഗവണ്‍മെന്റ് പ്രകൃതി ചികിത്സാ ആശുപത്രിയായ വര്‍ക്കല ആശുപത്രിയിലെ സൌകര്യങ്ങള്‍ മൂന്ന് കോടി രൂപ ചെലവില്‍ വികസിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍.
ആശുപത്രി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചികിത്സയ്ക്ക് എത്തുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് രണ്ടുമാസം മുന്‍പാണ് ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 50-ല്‍ നിന്ന് 100 ആക്കി ഉയര്‍ത്തിയത്.
125 ലക്ഷം രൂപ ഉപയോഗിച്ചുള്ള ലാന്‍ഡ്സ്കേപ്പിങ്, അടിസ്ഥാനസൌകര്യ വികസനം, എന്‍ആര്‍എച്ച്എം സ്കീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 40 ലക്ഷം രൂപയുടെ പുതിയ മന്ദിര നിര്‍മ്മാണം എന്നിവ പുരോഗമിക്കുകയാണ്. 25 ലക്ഷം രൂപയുടെ അത്യാധുനിക ഉപകരണങ്ങളും ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
വര്‍ക്കല പാപനാശം കടപ്പുറത്തുള്ള ശിവഗിരി കുന്നുകളിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത്, അഞ്ച് ഏക്കറില്‍ 1974-ല്‍ ആരംഭിച്ച ഈ ആശുപത്രിയില്‍ മികച്ച ക്ളിനിക്കല്‍ ലാബ്, യോഗ-കൌണ്‍സിലിങ് ഹാള്‍, വിശാലമായ ഹെലിപാഡ് എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക സൌകര്യങ്ങള്‍ ലഭ്യമാണ്.
ഇന്ത്യയിലെ പ്രകൃതി ചികിത്സാ സംവിധാനങ്ങളും വിദേശരാജ്യങ്ങളിലെ അംഗീകൃത പ്രകൃതിജീവന സങ്കേതങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വര്‍ക്കല കഹാര്‍ എംഎല്‍എ, മുനിസിപ്പല്‍ചെയര്‍മാന്‍ കെസൂര്യപ്രകാശ്, കൌണ്‍സിലര്‍ എസ് സനൂഷ്, മെഡിക്കല്‍ ഓഫീസര്‍ കെആര്‍ ജയകുമാര്‍, ആരോഗ്യവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശനവേളയില്‍ മന്ത്രിയെ അനുഗമിച്ചു.