പരീക്ഷണ മരുന്ന്: ആദിവാസി സ്ത്രീ മരിച്ചു

ശനി, 28 ജനുവരി 2012 (12:36 IST)
PRO
PRO
നിഷ്കളങ്കരും നിരക്ഷരരുമായ ഗ്രാമവാസികളില്‍ മരുന്ന് കമ്പനികള്‍ നടത്തുന്ന പരീക്ഷണം ഒരു സ്ത്രീയുടെ കൂടി ജീവനെടുത്തു. 55-കാരിയായ തപവത് ചിലുക്കമ്മ എന്ന ആദിവാസി സ്ത്രീയാണ് പരീക്ഷണ മരുന്ന് അകത്ത് ചെന്നത് മൂലം മരിച്ചത്. ആന്ധ്രാപ്രദേശിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം.

ആക്സിസ് ക്ലിനിക്കല്‍ ലാബ്സ് ആണ് ഗൈനക്കോളജി സംബന്ധമായ മരുന്നുകള്‍ ഈ സ്ത്രീയില്‍ പരീക്ഷിച്ചത്. ഇവര്‍ ഉള്‍പ്പെടെ 10 സ്ത്രീകളെ, മരുന്ന് പരീക്ഷിക്കാനായി ഹൈദരാബാദില്‍ എത്തിക്കുകയായിരുന്നു. 2010 ജൂണ്‍ 27-നായിരുന്നു ഇത്. പ്രതിഫലമായി ഓരോരുത്തര്‍ക്കും 8,500 രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഈ തുക ഇതുവരെ നല്‍കിയിട്ടില്ല.

പത്ത് ദിവസമാണ് സ്ത്രീകളെ ഹൈദരാബാദില്‍ താമസിപ്പിച്ചത്. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷം മരുന്ന് പരീക്ഷിച്ചു. അതിന്റെ ഫലമായി മൂന്ന് സ്ത്രീകള്‍ക്ക് കടുത്ത ഛര്‍ദ്ദിയും ശരീരവേദനയും അനുഭവപ്പെട്ടു. ചിലുക്കമ്മയ്ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. നെഞ്ചുവേദന, തലകറക്കം, ശരീരവേദന തുടങ്ങിയവ പിടിപെട്ട് അവര്‍ കിടപ്പിലാവുകയും ചെയ്തു.

പിന്നീട് ചിലുക്കമ്മയുടെ ആരോഗ്യം പൂര്‍വസ്ഥിതിയില്‍ എത്തിയില്ല. ഒടുവില്‍, വെള്ളിയാഴ്ച അവര്‍ മരണത്തിന് കീഴടങ്ങി. സ്ത്രീയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ച് ആക്സിസ് ലാബ്സിനെതിരെ മുദ്രാവാക്യം മുഴക്കി.

വെബ്ദുനിയ വായിക്കുക