യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും സെമിയില്‍ പ്രവേശിച്ചു. ഫ്രഞ്ച് ക്ളബ്ബായ പിഎസ്ജിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തോല്‍പിച്ചത്. പോര്‍ച്ചുഗല്‍ ക്ളബ്ബായ പോര്‍ട്ടോയുടെ വലയില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ അടിച്ചു കയറ്റിയ ബയേണ്‍ എതിരാളികളെ തരിപ്പണമാക്കിയത്.
ആദ്യ പാദ ക്വാര്‍ട്ടറില്‍ പിഎസ്ജിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസത്തോടെ ഇറങ്ങിയ നെയ്‌മറും സംഘവും ഇത്തവണയും തകര്‍പ്പന്‍ ഫോമിലായിരുന്നു. സുവാരസിനെയും മെസിയേയും കാഴ്‌ചക്കാരനാക്കി നെയ്‌മര്‍ നടത്തിയ ആക്രമണങ്ങളില്‍ എതിരാളികള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. പതിനാലാം മിനിറ്റില്‍ ഇനിയേസ്റ്റയുടെ പാസില്‍ നിന്ന് നെയ്മര്‍ അക്കൗണ്ട് തുറന്നു. 34ആം മിനിറ്റില്‍ ഡാനി ആല്‍വെസിന്റെ ഇടങ്കാലന്‍ ക്രോസില്‍ നിന്ന് നെയ്മര്‍ പിഎസ്ജിയുടെ പതനം പൂര്‍ത്തിയാക്കുകയായിരുന്നു.
രണ്ട് ഗോള്‍ കടവുമായിറങ്ങിയ ബയേണ്‍ മ്യൂണിക്കിനെ ഇത്തവണയും തകര്‍ത്തുവിടാമെന്ന് കരുതി കളത്തിലിറങ്ങിയ പോര്‍ട്ടോയ്ക്ക് ഇന്നലെ എല്ലാം പിഴയ്ക്കുകയായിരുന്നു. 40 മിനിറ്റിനിടെ അഞ്ച് തവണ ബയേണ്‍ എതിരാളികളുടെ വല കുലുക്കിയപ്പോള്‍ തന്നെ അവര്‍ ജയം ഉറപ്പിച്ചിരുന്നു. ലെവന്‍ഡോവ്സികിയുടെ ഡബിള്‍ ബാരല്‍ ബുള്ളറ്റ്. മുള്ളറും ബോട്ടെങ്ങും സാബി അലോണ്‍സോയും ഒപ്പം കൂടിയപ്പോള്‍ പോര്‍ട്ടോ തകര്‍ന്നു. ഇരുപാദങ്ങളിലുമായി നാലിനെതിരെ ഏഴുഗോളിന്റെ ജയവുമായി ബയേണിന് സെമി ടിക്കറ്റും ലഭിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.