മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം നായകൻ ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു

ചൊവ്വ, 24 ഓഗസ്റ്റ് 2021 (16:50 IST)
മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1962 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ടീമിലും ചന്ദ്രശെഖരൻ ഉണ്ടായിരുന്നു.
 
ഹൈ‌സ്കൂളിൽ പന്ത് തട്ടി തുടങ്ങിയ ചന്ദ്രശേഖരൻ തൃശൂർ സെന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും കളി തുടർന്നു. 1958 മുതൽ 1966 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ ജേഴ്‌സിയിൽ സ്ഥിരസാന്നിധ്യമായിരുന്ന ചന്ദ്രശേഖരൻ ഇന്ത്യൻ ഫുട്‌ബോളിലെ സുവർണ തലമുറയിലെ കണ്ണിയാണ്.
 
ഇന്ത്യൻ ടീമിന്റെ നായകനായും പിന്നീട് ഈ പ്രതിരോധനിരക്കാരൻ തിളങ്ങി. 1962ലെ ടെൽ അവീവ് ഏഷ്യൻ കപ്പിൽ വെള്ളി. 1959,1964 വർഷങ്ങളിൽ മെർദേക്ക ഫുട്ബോളിൽ വെള്ളി എന്നിവ നേടി. 1964 ടോക്യോ ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങൾ കളിച്ചെങ്കിലും ടീമിന് യോഗ്യത നേടാനായില്ല.
 
കളി നിർത്തിയ ശേഷം കേരള ടീമിന്റെ സെലക്‌ടറും കൊച്ചി കേന്ദ്രമായി ആരംഭിച്ച എഫ്‌സി കൊച്ചിൻ ടീമിന്റെ ജനറൽ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍