ഇനി കളി മാറും, ബാഴ്‌സയിലേക്ക് സൂപ്പർ താരമെത്തുന്നു

ചൊവ്വ, 12 ഏപ്രില്‍ 2022 (21:39 IST)
ബയേൺ മ്യൂണിച്ചുമായി സൂപ്പർ താരം ലെവൻഡോസ്‌കി കരാർ പുതുക്കില്ലെന്ന് റിപ്പോർട്ട്. ബാലൺ ഡി ഓർ സാധ്യതകൾ സജീവമാക്കുക എന്ന ലക്ഷ്യവുമായി ലെവൻ‌ഡോ‌സ്കി ബാഴ്‌സയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബാഴ്‌സയും ലെവൻഡോസ്‌കിയും തമ്മിൽ ചർച്ചകൾ ആരംഭിച്ചതായാണ് സൂചന.
 
കരാർ,കാലാവധി,പ്രതിഫലം എന്നിവ സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. 2023 വരെയാണ് ബയേണുമായി ലെവൻഡോസ്‌കിക്ക് കരാറുള്ളത്. ലാ ലീഗ കളിക്കുക എന്നത് തന്റെ ആഗ്രഹങ്ങളിലൊന്നാണെന്ന് നേരത്തെ തന്നെ പോളണ്ട് താരം വ്യക്തമാക്കിയിരുന്നു. 2014ലാണ് ബൊറൂസിയ ഡോർട്ട്മു‌ണ്ട് താരമായ ലെവൻഡോസ്‌കി ബയേണിലെത്തുന്നത്.
 
ഈ സീസണിൽ ഇതുവരെ 40 മത്സരങ്ങളിൽ നിന്ന് 46 ഗോളുകൾ ലെവൻഡോ‌സ്‌കി ബയേണിനായി നേടി കഴിഞ്ഞു. ന്യൂ കാമ്പിൽ ഇതേ പ്രകടനം ലെവൻഡോ‌സ്കി ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ ആരാധകർ. നേരത്തെ എർലിങ് ഹാലൻഡിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ബാഴ്‌സ. ലെവൻഡോ‌സ്‌കി ടീമിലെത്തുകയാണെങ്കിൽ ഈ നീക്കത്തിൽ നിന്ന് ബാഴ്‌സ പിന്തിരിയാനാണ് സാധ്യതയേറെയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍