‘ സുന്ദരി ഡോക്‍ടര്‍ ’ തിരികെ വരാനൊരുങ്ങുന്നു; ഇവ വന്നാല്‍ ചെല്‍സി പഴയ ചെല്‍സിയാകുമെന്ന് പാപ്പരസികള്‍
വെള്ളി, 18 ഡിസംബര്‍ 2015 (14:39 IST)
തോല്‍വിയില്‍നിന്ന് തോല്‍വിയിലേക്കു കൂപ്പുകുത്തി നാണക്കേടിന്റെ പടുകുഴിയില്‍ പതിച്ച ചെല്‍സി ഒടുവില്‍ വിശ്വസ്തനായ പരിശീലകന്‍ ജോസ് മൌറീഞ്ഞോയെ പുറത്താക്കിയതോടെ ഫുട്‌ബോള്‍ ലോകം ഒരു നിമിഷമെങ്കിലും ഞെട്ടിയെങ്കിലും ഈ നീക്കം എല്ലാവരും പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ഒരു സംഭവമാണിപ്പോള്‍ ക്ലബിനെ ചുറ്റിപ്പറ്റി കേള്‍ക്കുന്നത്.
ചെല്‍സിയുടെ സ്വകാര്യ അഹങ്കാരവും ‘ സുന്ദരി ഡോക്‍ടര്‍ ’ എന്ന ഓമനപ്പേരുമുള്ള ഇവ കാര്‍നോറി ക്ലബിലേക്ക് തിരിച്ചെത്താനുള്ള നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മൌറീഞ്ഞോ പുറത്തായ സാഹചര്യത്തില്‍ ക്ലബിലേക്ക് തിരിച്ചെത്തുന്നതിനായി ലണ്ടന്‍ സൌത്ത് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലില്‍ നടക്കുന്ന കേസ് പിന്‍വിലിക്കാനായി ഇവ നീക്കം ശക്തമായതായാണ് പുറത്തുവരുന്ന പുതിയ വാര്‍ത്തകള്‍. ഫുട്‌ബോള്‍ ലോകത്ത് ചൂട് പിടിച്ച ഈ വാര്‍ത്ത ശരിയാണെങ്കില്‍ സുന്ദരി ഡോക്‍ടര്‍ എത്രയും വേഗം ക്ലബിലേക്ക് തിരിച്ചെത്തുമെന്നാണ് അറിയുന്നത്. തോല്‍വിയില്‍ നിന്ന് തോല്‍വിയിലേക്ക് നീങ്ങുന്ന പുതിയ പരിശീലകന്‍ എത്തുന്നതിന് പിന്നാലെ വന്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ ചെല്‍സിയിലേക്ക് തനിക്ക് തിരിച്ചെത്താന്‍ സാധിക്കിമെന്ന് നിഗമനത്തിലാണ് ഇവ കേസ് പിന്‍വലിക്കാന്‍ നീക്കം നടത്തുന്നത്.
മത്സരത്തിനിടെ പരുക്കേറ്റ താരത്തിന് അടുത്തേക്ക് മൌറീഞ്ഞോയുടെ അനുവാദമില്ലാതെ ഇവ ഓടിയെത്തിയതാണ് കേസിന് കാരണമായത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഭിന്നത രൂക്ഷമാകുകയായിരുന്നു. തന്റെ നിര്‍ദേശമില്ലാതെ മത്സരത്തിനിടെ പരുക്കേറ്റ താരത്തെ പരിശേധിച്ചത് തെറ്റാണെന്നും, ഇതിന് തന്റെ അനുവാദം വേണമെന്ന് മൌറീഞ്ഞോ വ്യക്തമാക്കുകയും ചെയ്‌തു. ഇതിനിടെയാണ് മൌറീഞ്ഞോ മര്‍ദ്ദിച്ചതായി കാട്ടി ഇവ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇവ ചെല്‍സിയില്‍ നിന്ന് പുറത്ത് പോകുകയായിരുന്നു.
ഏതായാലും കേസ് പിന്‍വലിച്ച് ഇവ കാര്‍നോറി ക്ലബിലേക്ക് തിരിച്ചെത്തുന്നത് തോല്‍വിയില്‍ നിന്ന് തിരുച്ചുവരാന്‍ ക്ലബിനെ സഹായിക്കുമെന്നാണ് പാപ്പരസികള്‍ പറയുന്നത്. ഇവ ടീമില്‍ നിന്ന് പോയതോടെയാണ് ടീം തോല്‍ക്കാന്‍ തുടങ്ങിയതെന്നാണ് ഇവരുടെ വാദം.
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരില്‍നിന്ന് തുടങ്ങി പതിനാറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനു പിന്നാലെയാണ് പോര്‍ചുഗലുകാരനായ പരിശീലകനെ ക്ളബ് തെറുപ്പിച്ചത്. 2004-07 കാലഘട്ടത്തിലും ചെല്‍സിയുടെ മാനേജറായിരുന്ന മൌറീഞ്ഞോ ടീമിന്റെ 110 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും നേട്ടങ്ങളുണ്ടാക്കിയ മാനേജരാണ്. രണ്ടാമൂഴവും പൂര്‍ത്തിയാക്കി മൌറീഞ്ഞോ പടിയിറങ്ങുമ്പോള്‍ പകരക്കാരായി ബയേണ്‍ മ്യൂണിക് കോച്ച് പെപ് ഗ്വാര്‍ഡിയോള, ഗസ് ഹിഡിങ്ക്, ബ്രെണ്ടന്‍ റോജേഴ്സ്, യുവാഡെ റാമോസ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. 2013 ജൂണിലാണു മൌറീഞ്ഞോ വീണ്ടും ചെല്‍സിയുടെ പരിശീലകനായി ചുമതലയേറ്റത്.